Asianet News MalayalamAsianet News Malayalam

പ്രിയപ്പെട്ടവരുടെ ചേതനയറ്റ ദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹപാഠികൾ, യാത്രാമൊഴിയേകി നാട്

അഞ്ച് വിദ്യാർഥികളുടെയും പ്രിയപ്പെട്ട അധ്യാപകന്‍റെയും അപ്രതീക്ഷിത വേര്‍പാടിന്‍റെ തീരാവേദനയിലാണ് മുളന്തുരുത്തി. 

People payed tribute to the students and teachers who died in the vadakkencherry accident
Author
First Published Oct 6, 2022, 6:35 PM IST

കൊച്ചി: പാലക്കാട് വടക്കഞ്ചേരി അപകടത്തിൽ മരിച്ച വിദ്യാർഥികൾക്കും അധ്യാപകനും നാടിന്‍റെ അന്ത്യാഞ്ജലി. അഞ്ച് വിദ്യാർഥികളുടെയും പ്രിയപ്പെട്ട അധ്യാപകന്‍റെയും അപ്രതീക്ഷിത വേര്‍പാടിന്‍റെ തീരാവേദനയിലാണ് മുളന്തുരുത്തി. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലേക്ക് നിറകണ്ണുകളുമായാണ് പ്രിയപ്പെട്ടവർക്ക് യാത്രാമൊഴി ചൊല്ലാൻ നാടൊന്നാകെ ഒഴുകിയെത്തിയത്. സ്‍കൂളിന്‍റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരാണ് മരിച്ചവരെല്ലാം. അവരുടെ കണ്ണീരോര്‍മയിലാണ് സഹപാഠികളും അധ്യാപകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം പ്രിയപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ സ്കൂൾ മുറ്റത്തേക്ക് എത്തിയത്.

പ്രിയപ്പെട്ടവരുടെ ചേതനയറ്റ ദേഹം കണ്ട് സഹപാഠികൾ വിങ്ങിപ്പൊട്ടി. കണ്ടുനിന്നവർക്കും വിതുമ്പലടക്കാനായില്ല. രണ്ട് മണിക്കൂർ നീണ്ട പൊതുദർശനത്തിനുശേഷം നാലുമണിയോടെ മ്യതദേഹങ്ങൾ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകിട്ട് 6.50 ന് ബസ് പുറപ്പെടും മുമ്പേ തന്നെ ക്ഷീണിതനായി കാണപ്പെട്ട ഡ്രൈവറോട് ശ്രദ്ധിച്ച് ഓടിക്കണമെന്ന് പറഞ്ഞ് വിട്ടതാണ്. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയിട്ടേ ഉള്ളെന്നാണ് ഡ്രൈവർ മറുപടി നൽകിയത്. ഈ യാത്രയാണ്  9 പേരുടെ മരണത്തിൽ കലാശിച്ച ദുരന്ത യാത്രയായി മാറിയത്.

അപകടത്തിന് പിന്നാലെ രക്ഷപ്പെട്ട ബസ് ഡ്രൈവർ ജോജോ പത്രോസ് എന്ന ജോമോനെ കൊല്ലം ശങ്കരമാങ്കലത്ത് വച്ച് ചവറ പൊലീസ് പിടികൂടി. ദേശീയപാതയിലൂടെ തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേ ജോമോൻ സഞ്ചരിച്ച കാറിന് മുന്നിൽ പൊലീസ് ജീപ്പ് കുറുകെയിട്ട് സഹസികമായാണ് ഇയാളെ പിടികൂടിയത്. ജോമോനോടൊപ്പം കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരെ ചവറ പൊലീസ് ചോദ്യം ചെയ്യുകയാണ്. ജോമോന്‍റെ കാറിന് തൊട്ടു പിന്നാലെ വടക്കഞ്ചേരി പൊലീസും പിന്തുടരുന്നുണ്ടായിരുന്നു. ബസ് ഉടമ അരുൺ, ബസ് മാനേജർ ജസ്‍വിൻ എന്നിവരെ എറണാകുളത്തു നിന്ന് കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് വടക്കഞ്ചേരി പൊലീസ് ജോമോനെ പിന്തുടർന്നത്. മൂന്നു പേരെയും ചവറയിൽ നിന്ന് പൊലീസ് വടക്കഞ്ചേരിയിലേക്ക് കൊണ്ടുപോയി.

Follow Us:
Download App:
  • android
  • ios