പ്രിയ പത്നി കുട്ടിയമ്മയ്ക്കും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം മാണി വാണ പാലായിലെ വീട്ടില്‍ കരഞ്ഞ് തളര്‍ന്നിരിക്കുകയാണ് മാണിയുടെ സന്തതസഹചാരികള്‍.

കോട്ടയം: കോട്ടയം, പാലയിലെ കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ തിരക്കൊഴിഞ്ഞ നേരമുണ്ടായിരന്നില്ല, മാണി സാറിനെ കാണാനെത്തുന്നവര്‍ക്ക് ആശ്രയമായിരുന്നു അവിടം. എന്നാല്‍ ഇന്ന് ആ വീട് നിശബ്ദമാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നുള്ള മാണിയുടെ മരണം വിശ്വസിക്കാന്‍ പാലാക്കാര്‍ക്ക് ഇപ്പോഴുമായിട്ടില്ല. 

കൊച്ചിയിലെ ആശുപത്രിയിലേക്ക് തിരിക്കുമ്പോള്‍ മാണി സാര്‍ മടങ്ങി വരുമെന്ന് തന്നെയായിരുന്നു പാലാക്കാരുടെ വിശ്വാസം. എന്നാല്‍ വിധി മറ്റൊന്നായതോടെ മാണിയില്ലാത്ത വീട്ടിലേക്ക് ഒഴുകിയെത്തുകയാണ് പാലായിലെ ജനങ്ങള്‍. പ്രിയ പത്നി കുട്ടിയമ്മയ്ക്കും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം മാണി വാണ പാലായിലെ വീട്ടില്‍ കരഞ്ഞ് തളര്‍ന്നിരിക്കുകയാണ് മാണിയുടെ സന്തതസഹചാരികള്‍. തങ്ങള്‍ക്ക് അദ്ദേഹം പിതാവിന് തുല്യമാണെന്നാണ് കണ്ണീരോടെ അവര്‍ പറയുന്നത്. 

കുട്ടിയമ്മ ആദ്യ ഭാര്യയെങ്കില്‍ പാല തന്‍റെ രണ്ടാം ഭാര്യയാണെന്ന് മാണി പലതവണ പറഞ്ഞിട്ടുണ്ട്. അതില്‍ ഒട്ടും അതിശയോക്തിയില്ലെന്ന് ആ ജീവിതം പരിശോധിച്ചാല്‍ മനസ്സിലാകും. പാല നിയോജക മണ്ഡലത്തിന് ഒരു എംഎല്‍എ മാത്രമേ ഉണ്ടായിട്ടുള്ളൂ, അത് കെ എം മാണിയാണ്. അറുപത് വര്‍ഷമായി മാണിക്കൊപ്പമുണ്ട് കുട്ടിയമ്മ. കേരള കോണ്‍ഗ്രസിന്‍റെ ചിഹ്നം രണ്ടില പോലെ ഒന്നിച്ച് നിന്നവര്‍. മരണ സമയത്തും കുട്ടിയമ്മ മാണിക്ക് അടുത്തുണ്ടായിരുന്നു.