കണ്ണൂര്‍: കണ്ണൂരിൽ ആളുകൾ അനാവശ്യമായി പുറത്തിറങ്ങുകയാണെന്നും ഇവരെല്ലാം അറസ്റ്റിലാകുമെന്നും ഉത്തരമേഖല ഐ ജി അശോക് യാദവ്. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സ്ഥിതി അതീവ ഗുരുതരമാണ്. ജില്ല അതിൽത്തി സീൽ ചെയ്തു. ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് സംവിധാനത്തിൽ മൂന്ന് എസ്‍പി മാരുടെ കീഴിൽ കർശന പരിശോധയെന്നും ഐജി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊവിഡ് കേസുകൾ തുടർച്ചയായി കൂടുന്ന കണ്ണൂരിൽ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും  കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കും. അത്യാവശ മരുന്നുകൾക്ക് തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാം. 

ജില്ലയിൽ വിദേശത്ത് നിന്നെത്തിയ അഞ്ചുപേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹൈറിസ്ക് കാറ്റഗറിയിലുള്ളവർക്ക് 28 ദിവസം വരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയായിരുന്നു. എന്നാൽ   വിദേശത്ത് നിന്നെത്തി ഒരു രോഗലക്ഷണങ്ങളും ഇല്ലാതെ 29 ദിവസം പിന്നിട്ടവർക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

 

Read more: കണ്ണൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കി; നാളെ മുതൽ ട്രിപ്പിൾ ലോക്ക്