കോഴിക്കോട്: ഞായറാഴ്ച്ചകളില്‍ കട തുറക്കാമെന്ന സര്‍ക്കാര‍് നിര്‍ദ്ദേശം അനുസരിച്ച് ജോലിക്കിറങ്ങിയ നൂറിലധികം പേർ കോഴിക്കോട് ജില്ലയിൽ കേസിൽ കുടുങ്ങി. ജില്ലയിലെ വിവിധയിടങ്ങളിലുള്ള എ.സി ഫ്രിഡ്ജ് മോബൈല്‍ ടെക്നീഷന്യന്‍മാർക്കെതിരെയാണ് കേസെടുത്തത്. ഇളവുണ്ടെങ്കിലും സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാർഡില്ലാതെ പുറത്തിറങ്ങിയാല്‍ നടപടിയെടുക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

കൊണ്ടോട്ടി സ്വദേശിയായ നിധിന്‍ എ.സി മെക്കാനിക്കാണ്. ഫ്രി‍ഡ്ജ് എസി മെക്കാനിക്കുകൾക്ക് ഞായറാഴ്ച്ചകളില്‍ പുറത്തിറങ്ങി സര്‍വീസ് നടത്താമെന്ന് സർക്കാർ നിര്‍ദ്ദേശം വന്നതിനെ തുടർന്നാണ് നിധിനും എസി നന്നാക്കാനിറങ്ങിയത്. എന്നാൽ ജോലിക്കിറങ്ങിയ നിധിനെ ഫറൂഖ് പോലീസും റവന്യു ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. സഞ്ചരിച്ച വണ്ടി കസ്റ്റഡിയിലെടുത്ത് ഇയാള്‍ക്കെതിരെ കേസെടുത്തു.

ഫറൂഖ് പൊലീസ് സ്റ്റേഷനില്‍ മാത്രം ഇരുപതിലധികം പേര്‍ക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. എസി ഫ്രിഡ്ജ് മെക്കാനിക്കുകള്‍ മുതല്‍ മൊബൈല്‍ ടെക്നീഷ്യന്‍മാര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. ജില്ലയില്‍ ഇത്തരത്തില്‍ 100ലധികം പേര്‍ക്കെതിരെയാണ് നടപടി വന്നിരിക്കുന്നത്.

ഇളവുണ്ടെങ്കിലും സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാർഡില്ലാതെ പുറത്തിറങ്ങിയാല്‍ നടപടിയെടുക്കുമെന്നാണ് റവന്യു പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഇന്നലെ കേസെടുത്ത ആര്‍ക്കും സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാർഡുണ്ടായിരുന്നില്ല. ജില്ലകൾക്ക് പുറത്തുനിന്നെത്തുന്നവർക്ക് പ്രത്യേക പാസ് നി‍ര്‍ബന്ധമെന്നും ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.