2026-ലെ പേരാവൂർ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ് 14453 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പ്രധാന എതിരാളിയായ എൽഡിഎഫിന്റെ കെ കെ ശൈലജയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രവും കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങളും ലേഖനത്തിൽ വിശദീകരിക്കുന്നു.

പേരാവൂർ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ സണ്ണി ജോസഫിന് വിജയം. 14453 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ് വിജയിച്ചത്. സണ്ണി ജോസഫ് 76140 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ 61687 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി പൈലി വേലിയാട്ട് 8020 വോട്ടുകളും നേടി.

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ഇരിട്ടി നഗരസഭയും ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ പേരാവൂർ നിയമസഭാമണ്ഡലം. 2008ൽ നിയമസഭ മണ്ഡലം പുനർ നിർണയം നടക്കുന്നതിന് മുമ്പ്, കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ മട്ടന്നൂർ മുനിസിപ്പാലറ്റിയും, കൂടാളി , കീഴല്ലൂർ , കീഴൂർ-ചാവശ്ശേരി , തില്ലങ്കേരി ,പായം , ആറളം, അയ്യങ്കുന്ന് , മുഴക്കുന്ന് , പേരാവൂർ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു പേരാവൂർ നിയമസഭാമണ്ഡലം.

ഇത്തവണത്തെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ സ്റ്റാർ പോരാട്ടം നടന്ന മണ്ഡലമാണ് പേരാവൂർ. ഇടതിൽ നിന്നും വലതിൽ നിന്നും പ്രധാനപ്പെട്ട രണ്ട് നേതാക്കളാണ് മത്സരത്തിനിറങ്ങിയത് എന്ന പ്രത്യേകത മണ്ഡലത്തിന് ഉണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് തവണയായി പേരാവൂരിനെ പ്രതിനിധീകരിക്കുന്നത് സണ്ണി ജോസഫാണ്. രൂപീകരണ സമയം മുതൽ കോൺഗ്രസിന് ഭൂരിപക്ഷമുള്ള മണ്ഡലം കൂടിയാണ് പേരാവൂർ. ആകെ ഒരു തെരഞ്ഞെടുപ്പിൽ മാത്രമെ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥി വിജയിച്ചിട്ടുള്ളു. 2006ൽ യുഡിഎഫിന്റെ സിറ്റിംഗ് എംഎൽഎ ആയിരുന്ന എ ഡി മുസ്തഫയെ പരാജയപ്പെടുത്തി കെകെ ശൈലജയായിരുന്നു അന്ന് പേരാവൂർ പിടിച്ചെടുത്തത്. വികസനവും കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങളും മിക്ക തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കുന്ന വിഷയമാണ്. ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയാണ് പേരാവൂർ.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ അതിശക്തമായ പോരാട്ടമായിരുന്നു നടന്നിരുന്നത്. നിലവിലെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയായ അഡ്വ. സണ്ണി ജോസഫ് 64,784 വോട്ടുകൾ നേടിയായിരുന്നു വിജയിച്ചത്. സിപിഎം സ്ഥാനാർത്ഥിയായ കെവി സക്കീർ ഹുസൈനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സക്കീർ ഹുസൈന് 61,942 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കേവലം 2,842 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സണ്ണി ജോസഫ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.