പാലോട്: മാലിന്യ പാന്റ് സ്ഥാപിക്കുന്നതിനെതിരായ തിരുവനന്തപുരം പെരിങ്ങമല നിവാസികളുടെ സമരത്തിന് ഒരു വയസ്. ഒന്നാം വാർഷികത്തിന്റെ ഭാഗമായി അടുത്തമാസം രണ്ടിന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധക്കാർ സത്യാഗ്രഹം നടത്തും. 

നഗരമാലിന്യം സംസ്കരിക്കാൻ തലസ്ഥാനന​ഗരിയിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള പെരിങ്ങമലയിൽ പ്ലാന്റ് നിർമ്മിക്കാനാണ് സർക്കാർ തീരുമാനിച്ചത്. പെരിങ്ങമല അഗ്രിഫാമിലെ 15 ഏക്കറിൽ ഖരമാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനായിരുന്നു സർക്കാരിന്റെ പദ്ധതി. പാലോടിനു സമീപം അഗസ്ത്യമല ബയോറിസര്‍വ് ഏരിയയിൽ ഉള്‍പ്പെട്ട ഭാഗമാണ് പെരിങ്ങമല.

ആദിവാസികളടക്കം അമ്പതിനായിരത്തിലേറെ ആളുകൾ താമസിക്കുന്ന പ്രദേശമാണ് പെരിങ്ങമല. പരിസ്ഥിതി പ്രധാന്യമുളള മേഖലയിൽ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ കഴിഞ്ഞ ഒരു വർഷമായി പ്രതിഷേധത്തിലാണ് ഇവിടുത്തെ നാട്ടുകാർ. നിയമസഭയിലേക്ക് സങ്കട ജാഥ നടത്തിയും പരിസ്ഥിതി പ്രശ്നമുയർത്തിക്കാട്ടി 13 പഞ്ചായത്തുകളിൽ ഉണർത്തുജാഥ നടത്തിയും നാട്ടുകാർ പ്ലാന്റിനെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തി.

പക്ഷെ പരിസ്ഥിതിക്കും മണ്ണിനും വേണ്ടിയുളള ഒരുനാടിന്റെ പോരാട്ടത്തിനെതിരെ സർക്കാർ മുഖംതിരിച്ചു. പെരിങ്ങമല അടക്കമുളള ആറ് ഇടങ്ങളിൽ പ്ലാന്റ് സ്ഥാപിക്കുന്നതിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. തീരുമാനം മാറ്റുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്ന് സമരക്കാരും പറയുന്നു.