പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണസംഘം ഗൂഢാലോചന സംബന്ധിച്ച പല നിർണായകവിവരങ്ങളും അന്വേഷിച്ചില്ലെന്ന് ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടുന്നു. നേരത്തേ സിംഗിൾ ബഞ്ച് സമാനമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നതാണ്. അത് ഡിവിഷൻ ബഞ്ചും ആവർത്തിക്കുന്നു. 

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് ഹൈക്കോടതിയുടെ നിശിതവിമര്‍ശനം. കടുത്ത ഭാഷയിൽ ക്രൈംബ്രാഞ്ച് അന്വേഷണ രീതിയെക്കുറിച്ച് എണ്ണിയെണ്ണി വീഴ്ചകൾ എടുത്തുകാട്ടുന്നതാണ് ഡിവിഷൻ ബഞ്ചിന്‍റെ വിധിപ്രസ്താവം. കേസ് സിബിഐ തന്നെ അന്വേഷിക്കാനാണ് സിംഗിൾ ബഞ്ചിന് പിന്നാലെ ഡിവിഷൻ ബഞ്ചും ഇന്ന് വിധിച്ചത്. സിംഗിൾ ബഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളുകയും ചെയ്തു. 

ക്രൈംബ്രാഞ്ച് അന്വേഷണം അപൂര്‍ണവും, വസ്തുതാപരമല്ലാത്തതുമെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ പറയുന്നു. ഗൂഢാലോചന സംബന്ധിച്ച പല നിര്‍ണായക വിവരങ്ങളും വേണ്ട രീതിയില്‍ അന്വേഷിച്ചില്ല. പല കണ്ടെത്തലുകളിലും ആഴത്തിലുള്ള അന്വേഷണം നടത്തണ്ടതായിരുന്നു. സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ പല സാക്ഷികളെയും വേണ്ട രീതിയില്‍ ചോദ്യം ചെയ്തില്ല. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും വീഴ്ച ഉണ്ടായി. സംശയാസ്പദമായ പല കാര്യങ്ങളിലും വേണ്ട രീതിയില്‍ അന്വേഷണം നടന്നില്ലെന്നും കോടതി വിമർശിക്കുന്നു. ഇത് കേസിന്‍റെ നിലനില്‍പിനെ തന്നെ ബാധിക്കാവുന്ന വീഴ്ചയെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. 

സർക്കാരിന്‍റെ അപ്പീൽ തള്ളി, പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ തന്നെ അന്വേഷിക്കാൻ ഇന്ന് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത് സിപിഎമ്മിനും സംസ്ഥാനസർക്കാരിനും വലിയ തിരിച്ചടിയായിരുന്നു. സിംഗിൾ ബഞ്ച് വിധി ചോദ്യം ചെയ്ത സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളുകയായിരുന്നു. ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രം നിലനിർത്തിയിട്ടുണ്ടെങ്കിലും സിബിഐ അന്വേഷണം പൂർത്തിയാകാതെ തുടർ നടപടി പാടില്ലെന്ന് മജിസ്ട്രേറ്റ് കോടതിയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

ഇതിന് പിന്നാലെ, സിബിഐയുടെ തുടരന്വേഷണത്തിന് ശേഷമേ കേസിൽ വിചാരണ നടപടികൾ തുടങ്ങാനാകൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിബിഐക്ക് വേണമെങ്കിൽ കുറ്റപത്രത്തിൽ കൂട്ടിച്ചേര്‍ക്കലുകൾ നടത്താം. ഒമ്പത് മാസവും ഒമ്പത് ദിവസത്തിനും ശേഷമാണ് കേസിൽ നിർണായക തീരുമാനം വന്നത്. 

9 മാസം മുൻപ് വാദം പൂർത്തിയാക്കിയിട്ടും വിധി പറയാത്ത കേസ് മറ്റൊരു ബ‌ഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചതിന് പിറകെയാണ് അപ്പീൽ ഹർജിയിൽ വിധി വന്നത്. മുൻ സിപിഎം നേതാക്കൾ ഉൾപ്പെട്ട കൊലപാതക കേസിൽ ഗൂഢാലോചനയിൽ അന്വേഷണം ഉണ്ടായില്ലെന്നുമുള്ള വാദം ഡിവിഷൻ ബ‌ഞ്ച് ശരിവച്ചു. 14 പ്രതികളെ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഡിവിഷൻ ബഞ്ച് നിലനിർത്തിയിട്ടുണ്ട്. എന്നാൽ, അതിന്മേൽ മജിസടേറ്റ് കോടതി തുടർ നടപടി സ്വീകരിക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കി. സിബിഐയുടെ തുടരന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമെ നടപടി പാടുള്ളൂ. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണമെന്ന് സിബിഐയ്ക്ക് കോടതി നിർദ്ദേശം നൽകി. സിബിഐയ്ക്ക് ഈ കുറ്റപത്രത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്താം. പുതിയ കുറ്റപത്രം സമർപ്പിക്കാം - കോടതി പറഞ്ഞു.

കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ ലക്ഷങ്ങളാണ് ചെലവഴിച്ചത്. സുപ്രീം കോടതിയിലെ മുൻ അഡീഷണൽ സോളിസ്റ്റർ ജനറൽമാരടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്ന് നൽകി. 2019 ഫിബ്രവരി 17-നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്. തുടർ അന്വേഷണത്തിന് അനുമതി നൽകിയുള്ള ഉത്തരവിന്‍റെ പകർപ്പ് കിട്ടിയാലുടൻ അന്വേഷണം പുനരാരംഭിക്കുമെന്ന് സിബിഐയും അറിയിച്ചു.