Asianet News MalayalamAsianet News Malayalam

'പാർട്ടിയുടെ കൈകൾ സംശുദ്ധം, അപ്പീൽ പോയത് സർക്കാർ കാര്യം', പെരിയ വിധിയിൽ സിപിഎം

സിബിഐ അന്വേഷണത്തിൽ ഭയമില്ല, എതിർപ്പില്ല എന്ന പതിവുവാദം തന്നെയാണ് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും പറയുന്നത്. മുഖ്യപ്രതിയായ പീതാംബരനെ പാർട്ടി പുറത്താക്കിയതാണെന്നും പാർട്ടി ജില്ലാ സെക്രട്ടറി.

periya murder case verdict cpim kasargod party secretary responds
Author
Kasaragod, First Published Aug 25, 2020, 3:44 PM IST

കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസ് സിബിഐയ്ക്ക് വിട്ടതിൽ ആശങ്കയോ പേടിയോ എതിർപ്പോ ഇല്ലെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി. സിപിഎമ്മിന്‍റെ കൈകൾ ഈ കേസിൽ സംശുദ്ധമാണ്. കേസിലെ മുഖ്യപ്രതി പീതാംബരനെ പാർട്ടി പുറത്താക്കിയതാണ് എന്നും ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കേസന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരെ സർക്കാർ അപ്പീലിന് പോയത് സർക്കാരിന്‍റെ കാര്യമാണ്. അതിൽ പാർട്ടി അഭിപ്രായം പറയേണ്ട കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട് നടന്ന എല്ലാ ഗൂഢാലോചനകളും പുറത്തുവരട്ടെ. പാർട്ടിക്ക് അതിൽ ഭയമില്ലെന്നും എം വി ബാലകൃഷ്ണൻ പറയുന്നു.

സർക്കാരിന്‍റെ അപ്പീൽ തള്ളി, പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ തന്നെ അന്വേഷിക്കാൻ ഇന്ന് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത് സിപിഎമ്മിനും സംസ്ഥാനസർക്കാരിനും വലിയ തിരിച്ചടിയായിരുന്നു. സിംഗിൾ ബഞ്ച് വിധി ചോദ്യം ചെയ്ത സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളുകയായിരുന്നു. ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രം നിലനിർത്തിയിട്ടുണ്ടെങ്കിലും സിബിഐ അന്വേഷണം പൂർത്തിയാകാതെ തുടർ നടപടി പാടില്ലെന്ന് മജിസ്ട്രേറ്റ് കോടതിയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

ഇതിന് പിന്നാലെ, സിബിഐയുടെ തുടരന്വേഷണത്തിന് ശേഷമേ കേസിൽ വിചാരണ നടപടികൾ തുടങ്ങാനാകൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിബിഐക്ക് വേണമെങ്കിൽ കുറ്റപത്രത്തിൽ കൂട്ടിച്ചേര്‍ക്കലുകൾ നടത്താം. ഒമ്പത് മാസവും ഒമ്പത് ദിവസത്തിനും ശേഷമാണ് കേസിൽ നിർണായക തീരുമാനം വന്നത്. 

9 മാസം മുൻപ് വാദം പൂർത്തിയാക്കിയിട്ടും വിധി പറയാത്ത കേസ് മറ്റൊരു ബ‌ഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചതിന് പിറകെയാണ് അപ്പീൽ ഹർജിയിൽ വിധി വന്നത്. മുൻ സിപിഎം നേതാക്കൾ ഉൾപ്പെട്ട കൊലപാതക കേസിൽ ഗൂഢാലോചനയിൽ അന്വേഷണം ഉണ്ടായില്ലെന്നുമുള്ള വാദം ഡിവിഷൻ ബ‌ഞ്ച് ശരിവച്ചു. 14 പ്രതികളെ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഡിവിഷൻ ബഞ്ച് നിലനിർത്തിയിട്ടുണ്ട്. എന്നാൽ, അതിന്മേൽ മജിസടേറ്റ് കോടതി തുടർ നടപടി സ്വീകരിക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കി. സിബിഐയുടെ തുടരന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമെ നടപടി പാടുള്ളൂ. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണമെന്ന് സിബിഐയ്ക്ക് കോടതി നിർദ്ദേശം നൽകി. സിബിഐയ്ക്ക് ഈ കുറ്റപത്രത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്താം. പുതിയ കുറ്റപത്രം സമർപ്പിക്കാം - കോടതി പറഞ്ഞു.

കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ ലക്ഷങ്ങളാണ് ചെലവഴിച്ചത്. സുപ്രീം കോടതിയിലെ മുൻ അഡീഷണൽ സോളിസ്റ്റർ ജനറൽമാരടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്ന് നൽകി. 2019 ഫിബ്രവരി 17-നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്. തുടർ അന്വേഷണത്തിന് അനുമതി നൽകിയുള്ള ഉത്തരവിന്‍റെ പകർപ്പ് കിട്ടിയാലുടൻ അന്വേഷണം പുനരാരംഭിക്കുമെന്ന് സിബിഐയും അറിയിച്ചു.

Follow Us:
Download App:
  • android
  • ios