തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ അന്വേഷിച്ച് എല്ലാ ദിവസവും നായ് സ്കൂളിലെത്തും. ഓരോ കുട്ടികളെയും മാറി മാറി നോക്കി അവരിൽ തന്റെ കൂട്ടുകാരനുണ്ടോയെന്ന് അവൻ നോക്കും.
മൂവാറ്റുപുഴ: അരുമ മൃഗങ്ങളിൽ മനുഷ്യരോട് ഏറ്റവും അടുപ്പവും സ്നേഹവും പ്രകടിപ്പിക്കുന്നത് (pet dogs) വളർത്തുനായ്ക്കളാണ്. അവരുടെ സ്നേഹത്തെക്കുറിച്ചുള്ള നിരവധി സംഭവങ്ങൾ നമുക്ക് ചുറ്റും നിരന്തരം ഉണ്ടാകാറുമുണ്ട്. അത്തരത്തിൽ കണ്ണു നിറക്കുന്ന ഒരു സംഭവമാണ് ഇതും. താൻ ഉപേക്ഷിക്കപ്പെട്ടതാണെന്നറിയാതെ ഉടമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഈ നായ്ക്കുട്ടി. തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ അന്വേഷിച്ച് എല്ലാ ദിവസവും നായ് സ്കൂളിലെത്തും. ഓരോ കുട്ടികളെയും മാറി മാറി നോക്കി അവരിൽ തന്റെ കൂട്ടുകാരനുണ്ടോയെന്ന് അവൻ നോക്കും.
ഈ നായയുടെ ഉടമസ്ഥർ കിഴക്കമ്പലത്ത് നിന്ന് ആലപ്പുഴ ജില്ലയിലേക്ക് താമസം മാറിപ്പോയി. നായയെ ഇവിടെ ഉപേക്ഷിച്ചു. കിഴക്കമ്പലം ബത്ലഹേം ദയറ പബ്ലിക് സ്കൂളിലാണ് ആ വീട്ടിലെ കുട്ടി പഠിച്ചിരുന്നത്. കുട്ടി സ്കൂളിലേക്ക് പോകുമ്പോൾ നായയും പിന്തുടരുമായിരുന്നു. അതുകൊണ്ട് സ്കൂളിലെത്തുന്ന വഴി കൃത്യമായറിയാം. എല്ലാ ദിവസവും രാവിലെ സ്കൂൾ തുറക്കുന്ന സമയത്ത് നായ്ക്കുട്ടിയും എത്തും. ക്ലാസ്മുറികളിൽ കൂട്ടുകാരനെ അന്വേഷിക്കും. എന്നാൽ നായുടെ സ്ഥിരം വരവ് സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും പ്രതിസന്ധിയായതിനെ തുടർന്ന് നായ്ക്കുട്ടിയെ ഇപ്പോൾ കെട്ടിയിട്ടിരിക്കുകയാണ്.
നായുടെ ഉടമസ്ഥരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന, മൃ ഗസ്നേഹികളുടെ സംഘടനയായ ദയ വെൽഫെയർ ഓർഗനൈസേഷൻ കോ ഓർഡിനേറ്റർ അമ്പിളി പുരക്കൽ പറഞ്ഞു. ഉടമയെ കണ്ടെത്തിയില്ലെങ്കിൽ ഏറ്റെടുക്കാൻ തയ്യാറുള്ളവർക്ക് നൽകാൻ തയ്യാറാണെന്നും അമ്പിളി അറിയിച്ചു.
