ഗതാഗതതടസ്സം ഒഴിവാക്കാൻ ഭാരത് ജോഡോയാത്ര  ദേശീയപാതയുടെ ഒരുഭാഗത്ത് കൂടി മാത്രമാക്കണമെന്നും മറുഭാഗം ഗതാഗതത്തിനായി തുറന്നു കൊടുക്കണമെന്നും ഹര്‍ജിയിൽ ആവശ്യം. 

കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയിൽ ഹര്‍ജി. ഭാരത് ജോഡോ യാത്ര കാരണം റോഡുകളിൽ ഗതാഗതസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹര്‍ജി എത്തിയിരിക്കുന്നത്. ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് ഹര്‍ജിക്കാരാൻ. 

ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന വഴികളിലെല്ലാം ഗതാഗതസ്തംഭനമുണ്ടെന്നും റോഡ് പൂ‍ര്‍ണായി ജോഡോ യാത്രക്കാര്‍ക്കായി വിട്ടു കൊടുക്കുന്ന അവസ്ഥയാണെന്നും ഹര്‍ജിയിൽ പറയുന്നു. ഗതാഗതതടസ്സം ഒഴിവാക്കാൻ ഭാരത് ജോഡോയാത്ര ദേശീയപാതയുടെ ഒരുഭാഗത്ത് കൂടി മാത്രമാക്കണമെന്നും മറുഭാഗം ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ നിര്‍ദേശിക്കണമെന്നും ഹൈക്കോടതിയിലെ ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. 

ഭാരത് ജോഡ്ഡോ യാത്രയ്ക്ക് പൊലീസ് നൽകുന്ന സുരക്ഷയ്ക്ക് വേണ്ടി പണം ഈടാക്കണമെന്നും ഹര്‍ജിയിൽ പറയുന്നുണ്ട്. രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ അടക്കമുള്ള നേതാക്കളെ എതിർ കക്ഷിയാക്കിയാണ് ഹർജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി നാളെ വിഷയം പരിഗണിക്കും. 

അതേസമയം ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും.രാവിലെ ആറരക്ക് ചേർത്തല എക്സ്റേ ജംഗ്ഷനിൽ നിന്ന് ആദ്യഘട്ട യാത്ര ആരംഭിച്ചു. പത്തിന് കുത്തിയതോട് എൻ എസ് എസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. രണ്ട് മണിക്ക് തുറവൂരിലെ കയർ മേഖലയിലെത്തുന്ന രാഹുൽ ഗാന്ധി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലിന് ആരംഭിക്കുന്ന രണ്ടാം ഘട്ട യാത്ര രാതിയോടെ അരൂരിൽ അവസാനിക്കും. 

അതേസമയം ഭാരത് ജോഡോ യാത്രയിലെ പ്രധാന സംഘാടകനായ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ സോണിയ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചു. എഐസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വേണുഗോപാലിനെ ദില്ലിക്ക് വിളിപ്പിച്ചത്. രാഹുൽ ഗാന്ധിയും വെള്ളിയാഴ്ച ഒരു ദിവസത്തേക്കായി ദില്ലിയിൽ എത്തുന്നുണ്ട്. 

'റിമാന്‍ഡ് പ്രതിയെ പൊലീസ് മര്‍ദ്ദിച്ചു', കോടതിക്കു മുന്നില്‍ പ്രതിഷേധവുമായി അഭിഭാഷകര്‍