കൊച്ചി: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ ഹൈക്കോടതിയിൽ ഹർജി. കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ടാണ് മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷാണ് ഹർജി നൽകിയത്. കമ്മൂണിസ്റ്റ് പാർട്ടി തന്നെയാണ് പൊലീസ് സ്റ്റേഷനും കോടതിയും എന്നുള്ള എം സി ജോസഫൈന്‍റെ പരാമർശത്തെ തുടർന്നാണ് നടപടി. എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ജോസഫൈൻ അധ്യക്ഷ ആയതെന്ന് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് കോടതി നാളെ പരിഗണിക്കും.

പാർട്ടിക്ക് (സിപിഎം) സ്വന്തമായി ഒരു കോടതി സംവിധാനമുണ്ടെന്നായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്‍റെ വിവാദ പ്രതികരണം. പാർട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണെന്നും പികെ ശശിക്കെതിരായ പീഡനപരാതിയെക്കുറിച്ച് പ്രതികരിക്കവേ എംസി ജോസഫൈൻ പറഞ്ഞു. പാർട്ടി നേതാക്കൾ ഉൾപ്പെട്ട കേസുകൾ പരാമർശിച്ചായിരുന്നു എം സി ജോസഫൈന്‍റെ മറുപടി. കഠിനംകുളത്ത് ബലാത്സംഗശ്രമത്തിനിരയായ യുവതിയെ സന്ദർശിച്ച ശേഷമായിരുന്നു എംസി ജോസഫൈന്‍റെ വിവാദ പരാമർശം.