മുംബൈ: ബലാത്സംഗക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി 2021ലേക്ക് നീട്ടി. ഇന്ന് കേസ് പരിഗണിക്കുമെന്നായിരുന്നു അവസാനം കോടതി പിരിയുമ്പോള്‍ അറിയിച്ചിരുന്നത്. എന്നാൽ 2021 ജൂൺ 9 ലേക്കാണ് ഇപ്പോൾ കേസ് മാറ്റിയിരിക്കുന്നത്.  ജൂലൈ 29 ന് ബിനോയ് ഡിഎൻഎ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം രണ്ടാഴ്ച്ചയ്ക്കകം മുദ്രവെച്ച കവറിൽ ഹൈക്കോടതി റജിസ്ട്രാർക്ക് കൈമാറണമെന്നായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവ്. എന്നാല്‍ ഡിഎന്‍എ പരിശോധനാ ഫലം ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല. 

മുംബൈയിലെ ദിൻദോഷി കോടതിയാണ് ബലാത്സംഗകേസ് പരിഗണിക്കുന്നത്. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്നാണ് ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ യുവതി പറയന്നു. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.മുംബൈ കോടതികളില്‍ നടപടികള്‍ കമ്പ്യൂട്ടറൈസ്ഡ് ആയതിനാല്‍ ആവാം ഹര്‍ജി പരിഗണിക്കുന്നത് ഇത്രയും നീണ്ടുപോയതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.  ഹര്‍ജി നേരത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയിക്ക് വേണമെങ്കില്‍ കോടതിയെ സമീപിക്കുകയും ചെയ്യാം.