ആക്രമണത്തിന് പിന്നിൽ  സിപിഎം ആണെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു.

കോഴിക്കോട്: കോഴിക്കോട് നൊച്ചാട്ട് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ പെട്രോൾ ബോംബേറ്. യൂത്ത് കോൺഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വിപി നസീറിന്റെ വീടിന് നേരെയാണ് ആക്രമണം. ബോംബേറിൽ വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. പേരാമ്പ്ര പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു.

അതിനിടെ കോഴിക്കോട് ഫറൂഖ് പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ ജലപീരങ്കി പ്രയോഗത്തിൽ കൈയ്ക്ക് സാരമായി പരിക്കേറ്റ ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാറിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. യാതൊരു പ്രകോപനവും ഇല്ലാതെയാണ് തനിക്ക് പൊലീസ് നേരെ ജലപീരങ്കി പ്രയോഗിച്ചതെന്ന് പ്രവീൺ കുമാർ പറഞ്ഞു. പ്രവീണ്‍ കുമാറിനെതിരായ ആക്രമണത്തിൽ ഇന്ന് കോഴിക്കോട് ജില്ലയിലെങ്ങും ശക്തമായ പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

നെയ്യാറ്റിൻകരയിൽ യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ സംഘര്‍ഷം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ പ്രവ‍ര്‍ത്തകര്‍ തമ്മിൽ സംഘ‍ര്‍ഷം. യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാ‍ര്‍ച്ചിനിടെയാണ് സംഘ‍ര്‍ഷമുണ്ടായത്. സംഘ‍ര്‍ഷത്തിൽ പരിക്കേറ്റ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‍ഞായറാഴ്ച രാത്രി 7.30ടെയാണ് സംഭവം. ഏറെ നേരം പ്രദേശത്ത് സംഘർഷാവസ്ഥ തുടർന്നു. തടിച്ചുകൂടിയ പ്രവർത്തകരെ പോലീസ് എത്തിയാണ് പിന്തിരിപ്പിച്ചത്.