കോഴിക്കോട് ചുങ്കത്തെ ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ പെട്രോള്‍ പമ്പിലെത്തിയ യുവാവ് ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചു

കോഴിക്കോട്: താമരശ്ശേരി ചുങ്കത്ത് ഐ.ഒ.സി പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ക്രൂരമായ മര്‍ദനം. ജീപ്പില്‍ ഇന്ധനം നിറക്കാൻ എത്തിയ താമരശ്ശേരി കെടവൂര്‍ സ്വദേശിയാണ് മര്‍ദിച്ചത്. ഇന്ധനം നിറച്ച ശേഷം പണം കൈമാറുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണം. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം.

കോഴിക്കോട് ചുങ്കത്തെ ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ പെട്രോള്‍ പമ്പിലെത്തിയ യുവാവ് ജീപ്പില്‍ നൂറു രൂപക്കാണ് ഡീസല്‍ നിറക്കാന്‍ ആവശ്യപ്പെട്ടത്. ഡീസൽ അടിച്ച ശേഷം ഗൂഗിള്‍ പേ ചെയ്യാനായി ഇ പോസ് മെഷീനില്‍ നൂറിന് പകരം ജീവനക്കാര്‍ 1000 രേഖപ്പെടുത്തി. ഇതോടെ തർക്കമായി. തങ്ങൾക്ക് പറ്റിയ അബദ്ധമാണെന്നും ഇടപാട് നടന്നിട്ടില്ലെന്നും പറഞ്ഞപ്പോള്‍ യുവാവ് അക്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാരൻ അഭിഷേക് പറഞ്ഞു

പമ്പ് ജീവനക്കാരനായ അടിവാരം സ്വദേശി ടിറ്റോയെ ആണ് യുവാവ് ആദ്യം മർദ്ദിച്ചത്. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റൊരു ജീവനക്കാരനായ അഭിഷേകിനും മര്‍ദ്ദനമേറ്റത്. ഇവിടെയെത്തിയ മറ്റ് യാത്രക്കാര്‍ ഇടപെട്ടാണ് ഒടുവിൽ യുവാവിനെ പിന്തിരിപ്പിച്ചത്. പരിക്കേറ്റ ജീവനക്കാര്‍ താമരശ്ശേരി താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പമ്പുടമ താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.