കോഴിക്കോട്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പിജി വിദ്യാര്‍ത്ഥികള്‍ക്കും ഹൌസ് സര്‍ജന്‍മാര്‍ക്കും നല്‍കുന്ന സ്റ്റൈപ്പന്‍ഡ് മുടങ്ങിയതോടെ പ്രതിഷേധവുമായി പിജി ഡോക്ടര്‍മാര്‍. ആള്‍ക്കൂട്ടം ഒഴിവാക്കി മുഖം മറച്ചും അകലം പാലിച്ചുമാണ് കഴിഞ്ഞ മാസത്തെ സ്റ്റൈപ്പന്‍ഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചത്.

പ്രിൻസിപ്പാളുമായി സംസാരിച്ചപ്പോൾ  സ്റ്റൈപ്പെൻഡ് എന്ന് കിട്ടും എന്നത് പോലും പറയാൻ പറ്റില്ല എന്ന് മറുപടി കിട്ടിയതിനെ തുടർന്ന് ഇരുപതാം തീയതി മുതൽ പ്രിൻസിപ്പാൾ ഓഫീസിനു മുന്നിൽ നിരാഹാര സമരം ആരംഭിക്കും എന്ന് പിജി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

കൊവിഡ് മൂലമുണ്ടായ അടിയന്തിര  സാഹചര്യം പരിഗണിച്ച് പണിമുടക്ക് നടപടികളിലേക്ക് പിജി ഡോക്ടർമാർ കടക്കില്ല എന്ന ഉറപ്പുള്ളതുകൊണ്ട് നനഞ്ഞിടം കുഴിക്കുകയാണ് അധികാരികൾ എന്നും ഇവര്‍ ആരോപിച്ചു. രോഗികൾക്കും സർക്കാരിനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാൻ തയാറല്ലെന്നും ഇരുപത്തിനാലോ നാൽപ്പത്തെട്ടോ മണിക്കൂർ തുടർച്ചയായി ഡ്യൂട്ടിയെടുക്കാൻ തയാറാണെന്നും പിജി അസോസിയേഷന്‍ കൂട്ടിച്ചേർത്തു. 

എന്നാൽ അർഹതപ്പെട്ട സ്റ്റൈപ്പെൻഡ് നൽകാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കാതെ മാർഗമില്ലെന്നാണ് ഇവര്‍ പറയുന്നത്. 20ന് തുടങ്ങുന്ന ധർണ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടും ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കാതെയും ആയിരിക്കുമെന്നും പിജി  അസോസിയേഷന്‍ അറിയിച്ചു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക