വന്ദേഭാരത് ട്രെയിന്‍ തട്ടി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: വന്ദേഭാരത് ട്രെയിന്‍ തട്ടി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. വടകര ഇരിങ്ങലിലാണ് അപകടം നടന്നത്. ഇരിങ്ങല്‍ പെരുവയല്‍ സ്വദേശി നന്ദനയാണ് (23) മരിച്ചത്. ഇന്നലെ വൈകീട്ടോടെ ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു അപകടം. കോട്ടയം അങ്കമാലി ശ്രീശങ്കര കോളേജ് എംഎ ഇംഗ്ലീഷ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ നന്ദന പൂജ അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. അപകടത്തെ തുടര്‍ന്ന് പൊലീസും റെയില്‍വേ അധികൃതരും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്കായി വടകര ഗവ. ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അവധിക്കാലം ആഘോഷിക്കാന്‍ വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് നാടും കുടുംബവും. അച്ഛന്‍: പി.വി സുജീഷ്. അമ്മ: മഞ്ജുഷ. സഹോദരി: ആര്യ.