കായികതാരങ്ങൾ തങ്ങൾക്ക് ലഭിക്കേണ്ട സാമ്പത്തിക പാരിതോഷികങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ പണത്തിന് വേണ്ടിയാണോ മത്സരിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.

തിരുവവനന്തപുരം: രാജ്യത്തെ കായിക മേഖലയിൽ ഉത്തേജക മരുന്നിന്‍റെ ഉപയോഗം വർദ്ധിച്ചുവരുന്നത് ഏറെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്ന് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ആൻസി സോജൻ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കായികരംഗത്തെ തെറ്റായ പ്രവണതകൾക്കെതിരെ താരം രംഗത്തെത്തിയത്. ഉത്തേജക മരുന്ന് ഉപയോഗിച്ചാൽ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന് കരുതുന്നവർ സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തവരാണെന്നും കുറുക്കുവഴികളിലൂടെയുള്ള ഇത്തരം രീതികൾ ഒരിക്കലും യഥാര്‍ത്ഥ സ്പോര്‍ട്സിന് ചേർന്നതല്ലെന്നും ആൻസി തുറന്നടിച്ചു.

കായിക മേഖലയിലെ ഈ മരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ പരിശോധനയും നിരീക്ഷണവും വേണമെന്ന് താരം ആവശ്യപ്പെട്ടു. കേരളത്തിലെ കായികമേഖല നേരിടുന്ന അടിസ്ഥാന പ്രതിസന്ധികളെക്കുറിച്ചും ആൻസി അഭിമുഖത്തിൽ സംസാരിച്ചു. ആവശ്യത്തിന് പരിശീലന സൗകര്യങ്ങൾ ലഭിക്കാത്തതാണ് സംസ്ഥാനത്തെ കായികതാരങ്ങൾ മറ്റ് ഇടങ്ങളിലേക്ക് മാറിപ്പോകാൻ പ്രധാന കാരണം. കായികതാരങ്ങൾക്ക് അർഹമായ പരിഗണനയോ പിന്തുണയോ സംസ്ഥാനത്ത് ലഭിക്കുന്നില്ലെന്നും, ഈ അവഗണനയാണ് കായിക രംഗത്ത് ഏറെ മുന്നിലായിരുന്ന കേരളം ഒന്നുമല്ലാതായി മാറിയതിന് പിന്നിലെന്നും ആൻസി വ്യക്തമാക്കി.

കായികമേഖലയെ ഒരു പ്രൊഫഷനായി കാണേണ്ടതിന്‍റെ ആവശ്യകതയും താരം എടുത്തുപറഞ്ഞു. കായികതാരങ്ങൾ തങ്ങൾക്ക് ലഭിക്കേണ്ട സാമ്പത്തിക പാരിതോഷികങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ പണത്തിന് വേണ്ടിയാണോ മത്സരിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ കൂടുതൽ ആളുകൾ കായികരംഗത്തേക്ക് കടന്നുവരണമെങ്കിൽ ഇതിനെയൊരു പ്രൊഫഷനായി അംഗീകരിക്കുകയും ആവശ്യമായ പ്രോത്സാഹനം നൽകുകയും വേണം. നിലവിലെ പോരായ്മകൾ പരിഹരിച്ച് കേരളത്തെ വീണ്ടും മികച്ചൊരു 'സ്പോർട്സ് ഹബ്ബ്' ആക്കി മാറ്റാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്ന് ആൻസി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക