Asianet News MalayalamAsianet News Malayalam

ചിരിയുടെ തമ്പുരാന് വിട; ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി

ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഏപ്രിൽ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ  ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്

philipose mar chrysostom passed away
Author
Thiruvalla, First Published May 5, 2021, 1:56 AM IST

തിരുവല്ല:  മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി. 104 വയസ്സായിരുന്നു. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് വിശ്രമജീവിതം നയിക്കുന്ന കുമ്പനാട്ടേക്ക് മടങ്ങിയത്.

ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഏപ്രിൽ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ  ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനം അലങ്കരിച്ചെന്ന പ്രത്യേകതയും ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തക്ക് സ്വന്തമാണ്.  1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനത്ത് മാര്‍ ക്രിസോസ്റ്റം ഉണ്ടാന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 2007-ൽ സ്ഥാനത്യാഗം ചെയ്ത ശേഷം ആണ് മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത എന്നറിയപ്പെട്ടു തുടങ്ങിയത്.

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-നാണ് മാർ ക്രിസോസ്റ്റം ജനിച്ചത്.  ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവാ യുസി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.

ആഴമേറിയ വിശ്വാസ പ്രമാണങ്ങൾ അത്രമേൽ സരസവും സരളവുമായി സാധാരണക്കാരിലേക്ക് എത്തിച്ച സന്യാസി വര്യനായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത. ചിരിയുടെ മാലപ്പടക്കങ്ങൾ അദ്ദേഹമെപ്പോഴും വാക്കുകളിൽ കൊരുത്തിട്ടു. ക്രിസോസ്റ്റം എന്ന പേരിന് അര്‍ത്ഥം തന്നെ സുവര്‍ണ്ണ നാക്കുള്ളവൻ എന്നത്രെ, മാനവികതയുടെ സുവിശേഷമായിരുന്നു എന്നും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ മുഖമുദ്ര.

Follow Us:
Download App:
  • android
  • ios