സോഫ്റ്റ്‍വെയർ അപ്ഡേഷന് ശേഷം ഫോൺ ഡിസ്പ്ലേയിൽ വരകൾ വന്നതിനെ തുടർന്ന് മൊബൈൽ കമ്പനിക്കെതിരെ യുവാവ് നിയമ പോരാട്ടം നടത്തി. 

മലപ്പുറം: സോഫ്റ്റ്‍വെയർ അപ്ഡേഷനു പിന്നാലെ ഫോണ്‍ ഡിസ്പ്ലേയില്‍ വരകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ നിയമ പോരാട്ടം നടത്തി വിജയിച്ചിരിക്കുകയാണ് യുവാവ്. പത്തനാപുരം സ്വദേശിയും മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ മഹാദേവനാണ് നിയമ പോരാട്ടം നടത്തിയത്. വാറണ്ടി കഴിഞ്ഞ ഫോണായതിനാല്‍ ഡിസ്പ്ലേ സൗജന്യമായി മാറ്റി നല്‍കാനാവില്ലെന്ന കമ്പനിയുടെ നിലപാടാണ് മഹാദേവന്‍ നിയമപരമായി നേരിട്ടത്.

സമാനമായ പ്രശ്‌നം നേരിടുന്ന ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വലിയൊരു ആശ്വാസവും മാതൃകയുമാണ് ഈ വിജയം. തന്റേതല്ലാത്ത കാരണത്താല്‍, കമ്പനി നല്‍കിയ അപ്ഡേഷന്‍ മൂലമാണ് ഫോണ്‍ തകരാറിലായതെന്ന് മഹാദേവന്‍ പറയുന്നു. ഫിസിക്കല്‍ ഡാമേജ് ഇല്ലാതിരുന്നിട്ടും വാറണ്ടിയുടെ പേര് പറഞ്ഞ് സാംസങ് സര്‍വീസ് സെന്റര്‍ കൈയൊഴിഞ്ഞതോടെയാണ് അദ്ദേഹം നിയമ സഹായം തേടിയത്.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട അഭിഭാഷകന്‍ മുഖേന മൊബൈല്‍ കമ്പനിയുടെ ഹെഡ് ഓഫീസിലേക്കും സര്‍വീസ് സെന്ററിലേക്കും മഹാദേവന്‍ വക്കീല്‍ നോട്ടീസ് അയച്ചു. പണം കൊടുത്തു മാറ്റേണ്ടി വരുമായിരുന്ന ഡിസ്പ്ലേ, രണ്ടു വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ വക്കീല്‍ നോട്ടീസ് അയക്കാനുള്ള ചെറിയ ചെലവില്‍ മാത്രം മഹാദേവന്‍ നേടിയെടുത്തു. നോട്ടീസ് അയച്ച് ഏകദേശം ഒരു മാസത്തിനുള്ളില്‍ തന്നെ കമ്പനി അധികൃതര്‍ മഹാദേവനെ ബന്ധപ്പെടുകയും സൗജന്യമായി ഡിസ്പ്ലേ മാറ്റി നല്‍കാമെന്ന് അറിയിക്കുകയുമായിരുന്നു. ഉപഭോക്താവിന്റെ ഭാഗത്തുനിന്ന് തെറ്റില്ലെങ്കില്‍ വാറണ്ടി കഴിഞ്ഞാലും തകരാര്‍ പരിഹരിക്കാന്‍ കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നു.