തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് അധ്യാപികയുടെ മരണത്തിൽ ദുരൂഹതയേറുന്നു. ട്രെയിൻ തട്ടി മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയ ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ആശ എൽ സ്റ്റീഫൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിലെ രണ്ട് അധ്യാപകരുടെ പേരെഴുതിയ കുറിപ്പും പൊലീസ് കണ്ടെടുത്തു. ഇവരുടെ ഉപദ്രവമാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിലുള്ളതെന്നാണ് വിവരം. 

എൻസിസിയുടെ പണം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അടക്കുന്നതിനെ ചൊല്ലി ഈ രണ്ട് അധ്യാപകരും ആശയും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിൻകര പൊലീസ് അന്വേഷണം തുടങ്ങി. കുറിപ്പിൽ പേരുള്ള അധ്യാപകരെ അടക്കം അടുത്ത ദിവസം ചോദ്യം ചെയ്യും.