തിരുവനന്തപുരം: പൊലീസ് കമ്മീഷണറേറ്റുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ ചൈന വിഷയത്തില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രി പിണറായി വിജയനും വിടി ബല്‍റാം എംഎല്‍എയും. കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സബ് ജുഡീഷ്യല്‍ അധികാരങ്ങളോടെ കമ്മീഷണറായി നിയമിക്കുന്ന കമ്മീഷണറേറ്റ് സംവിധാനത്തിനെതിരെ വിടി ബല്‍റാം ചൊവ്വാഴ്ച അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. അവതരണത്തിനിടെ ചൈനയുടെ മനുഷ്യത്വവിരുദ്ധമായ ഭരണസംവിധാനത്തെക്കുറിച്ച് ബലറാം പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. 

ബലറാം എന്തിനാണ് ചൈനയെ ആക്ഷേപിക്കാന്‍ ഇറങ്ങി പുറപ്പെട്ടത് എന്ന് മനസ്സിലാവുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ചൈനയുടെ തോന്ന്യാസം എന്ന ബലറാമിന്‍റെ പരാമര്‍ശത്തെ വിമര്‍ശിച്ചു. എന്തിനാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതെന്നും അന്ധമായ വിരോധം ഇങ്ങനെ നിലനിര്‍ത്തുന്നത് എന്തിനാണെന്നും പിണറായി നിയമസഭയിലെ മറുപടി പ്രസംഗത്തിനിടെ ബല്‍റാമിനോട് ചോദിച്ചു. കേരളത്തിലെ പല നല്ല കാര്യങ്ങളുടേയും വക്തവായി നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ബല്‍റാം ഇങ്ങനെയൊരു ധാരണ മനസ്സില്‍ വച്ചു നടക്കേണ്ടതായിട്ടുണ്ടോയെന്നും പിണറായി ചൂണ്ടിക്കാട്ടി. 

അടിയന്തര പ്രമേയത്തിനിടെ ബല്‍റാം പറഞ്ഞത്....

കരുതല്‍ തടങ്കല്‍ പോലുള്ള മനുഷ്യത്വവിരുദ്ധമായ നിയമങ്ങള്‍ പുരോഗതി നേടിയ രാജ്യങ്ങളില്‍ ഇല്ല പക്ഷേ കേരളത്തിലുണ്ട് . യൂറോപ്യന്‍ രാജ്യങ്ങളിലൊന്നും ഇത്തരം അവകാശങ്ങള്‍ പൊലീസിന് നല്‍കിയിട്ടില്ല.  അമേരിക്കയില്ലോ ആസ്ട്രേലിയയില്ലോ കാന്നഡയില്ലോ ഇല്ല. ആഫ്രിക്കന്‍ രാജ്യങ്ങളിലും ശ്രീലങ്കയിലും പാകിസ്ഥാനിലുമൊക്കെയാണ് ഉള്ളത്. പിന്നെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ സ്വഭാവികമായി ഇതുണ്ട്. ചൈനയും ക്യൂബയും ഉത്തരകൊറിയയുമൊക്കെയാണ് ഇവര്‍ക്ക് (ഭരണപക്ഷത്തിന്) മാതൃകയായി മാറുന്നത്.  പക്ഷേ ലോകം മുഴുവന്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടക്കുകയാണ്. കഴിഞ്ഞ ആഴ്ച വരെ ഹോംങ്കോങ്ങില്‍  സമരം നടക്കുകയായിരുന്നു. ബ്രിട്ടന് കീഴില്‍ വലിയ നിയമവാഴ്ച അനുവഭിച്ച ആ രാജ്യത്ത് ചൈനയ‍്ക്ക് അധികാരം കൈമാറിയതോടെ ചൈനയുടെ തോന്ന്യാസം നടക്കുമെന്ന ആശങ്കയില്‍ ആ രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം ഉയര്‍ന്നപ്പോള്‍ അവിടുത്തെ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. 

മറുപടി പ്രസംഗത്തിനിടെ പിണറായി പറഞ്ഞത്....

''ഇദ്ദേഹം (വിടി ബല്‍റാം) എന്തിനാണ് ചൈനയെ അടക്കം ആക്ഷേപിക്കാന്‍ പുറപ്പെട്ടത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. താന്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് വ്യക്തമാക്കലാണെന്നാണ് തോന്നുന്നത്. ചൈനയുടെ തോന്ന്യാസം എന്നാണ് പറഞ്ഞ വാക്ക്. എവിടെയാണ് നില്‍ക്കുന്നത് ?  എന്താണ് ഇതിന്‍റെയൊക്കെ ഒരു അര്‍ത്ഥം ? എന്തിനാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നത്.  അന്ധമായൊരു വിരോധം ഇങ്ങനെ നിലനിര്‍ത്തി പോരേണ്ടാതായിട്ടുണ്ടോ. ഇതൊക്കെ ആലോചിക്കേണ്ട കാര്യമാണ്.  നമ്മുടെ സംസ്ഥാനത്ത് പല നല്ലതിന്‍റേയും വക്തവായി നില്‍ക്കുന്നുവെന്നാണല്ലോ ഈ അംഗമൊക്കെ (ബല്‍റാം) ചിലപ്പോള്‍ അവകാശപ്പെടുന്നത്. അപ്പോള്‍ ഇങ്ങനെയൊരു തെറ്റായ ധാരണ മനസ്സില്‍ വച്ചു നടക്കേണ്ടതായിട്ടുണ്ടോ.''

"