മുഖ്യമന്ത്രിയുടെ ശൈലിയിൽ അപാകതയില്ല. മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന അഭിപ്രായമില്ലെന്നും എല്‍ജെഡി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍

കോഴിക്കോട്: തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോല്‍വി വിശകലനം ചെയ്ത് എല്‍ജെഡി നേതൃയോഗം. ശബരിമലയിലെ പിണറായി സര്‍ക്കാറിന്‍റെ നിലപാട് ശരിയായിരുന്നുവെന്ന് യോഗം വിലയിരുത്തി. രണ്ട് സ്ത്രീകളെ ശബരിമലയിൽ എത്തിക്കാൻ പൊലീസ് നടത്തിയ ശ്രമം തെറ്റിദ്ധരിക്കപ്പെട്ടു. ഇത് വിശ്വാസികളിൽ എതിർപ്പ് ഉണ്ടാക്കി. മുഖ്യമന്ത്രിയുടെ ശൈലിയിൽ അപാകതയില്ല. മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന അഭിപ്രായമില്ലെന്നും എല്‍ജെഡി നേതൃത്വം പറഞ്ഞു. 

ഭൂരിപക്ഷ സമുദായത്തിന്‍റെ വോട്ടുകളിലെ ചോർച്ചയ്ക്ക് ശബരിമല കാരണമായി. യുവതികളെ സന്നിധാനത്തെത്തിച്ച പൊലീസ് നടപടി വിശ്വാസികളിൽ എതിർപ്പുണ്ടാക്കി. ഈ തെറ്റിധാരണ മാറ്റാൻ ഇടതുമുന്നണി ശ്രമിക്കണം. സന്നിധാനത്തേക്ക് കുറുക്ക് വഴിയിലൂടെ പൊലീസ് യുവതികളെ എത്തിച്ചെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇത് വലിയൊരു വിഭാഗം സ്ത്രീ വിശ്വാസികളുടെ വിശ്വാസത്തെ മുറിപ്പെടുത്തി.

തോൽവിയിൽ വോട്ടു ശതമാനത്തിൽ ഭീമമായ വ്യത്യാസമുണ്ടായിട്ടുണ്ട്. ഇതിന് കാരണം കേന്ദ്രത്തിൽ മതേതര സർക്കാർ വരണം എന്ന വോട്ടർമാരുടെ തീരുമാനമാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ വന്നതും യു ഡി എഫ് ഭൂരിപക്ഷം കൂട്ടിയെന്നും എല്‍ജെഡി നേതൃത്തം കൂട്ടിച്ചേര്‍ത്തു.മൂന്ന് മണ്ഡലങ്ങളിലൊഴികെ എല്ലായിടത്തും ബിജെപി വോട്ട് മറിച്ചു. സ്ഥാനാർത്ഥി നിർണ്ണയം സിപിഎം, സിപിഐ കക്ഷികളെ മാത്രം ഉൾപ്പെടുത്തിയത് ശരിയായില്ല.