ലോക്കൽ പൊലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാൻ അടക്കമുള്ളവർ മർദിച്ചെന്ന് കേസ് ഡയറിയിൽ വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യവും അടിച്ച ആയുധവും കണ്ടെത്തണമെന്നും കേസ് ഡയറിയിൽ പറയുന്നുണ്ട്.

തിരുവനന്തപുരം: നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയൻറെ ഗൺമാനടക്കമുള്ളർ തല്ലിയ സംഭവത്തിൽ നിർണ്ണായകമായ ആദ്യ കേസ് ഡയറി ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. ലോക്കൽ പൊലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാനടക്കം മർദ്ദിച്ചെന്ന് എഴുതിയ ഈ ഡയറി തിരുത്തിയാണ് കേസ് എഴുതിത്തള്ളിയത്. കേസ് ഡയറി പെൻഡ്രൈവിലാക്കി എഡിജിപി എംആർ അജിത് കുമാറിൻറെ ഓഫീസിലെത്തിച്ചെന്നാണ് ആദ്യ അന്വേഷണ സംഘം എസ്ഐടിക്ക് നൽകിയ മൊഴി.

Add Asianetnews as a Preferred SourcegooglePreferred

പിണറായി പറഞ്ഞ രക്ഷാപ്രവർത്തനമല്ല, ആലപ്പുഴയിൽ നടന്നതെന്ന് അടിവരയിടുന്നതാണ് തിരുത്തും മുമ്പുള്ള ആദ്യ കേസ് ഡയറി. എങ്ങിനെയാണ് ഗൺമാൻ അനിൽ കല്ലിയൂർ അടക്കം പ്രതിഷേധക്കാരെ മർദ്ദിച്ചതെന്ന് കൃത്യമായി ഡയറിയിൽ പറയുന്നു. ലോക്കൽ പൊലീസ് പ്രതിഷേധക്കാരെ വലയം തീർത്ത് മാറ്റി നിർത്തിയിരുന്നു. ഇവരെ പിണറായിക്കൊപ്പമുള്ള വാഹനവ്യൂഹത്തിലെ കറുത്ത കാറിൽ നിന്ന് വെള്ള ഷർട്ട് ധരിച്ച ഒരാളും കറുത്ത സ്യൂട്ട് ധരിച്ച മൂന്ന് പേരും ചാടി ഇറങ്ങി. ലാത്തി പോലുള്ള ആയുധം ഉപയോഗിച്ച് രണ്ട് പേരെ അടിച്ചു. അതിന് ശേഷം കാറിൽ കയറിപ്പോയെന്നാണ് ഡയറിയിലുള്ളത്. ലോക്കൽ പൊലീസിനടക്കം പരിക്കേറ്റു. സിസിടിവി ദൃശ്യങ്ങളും ആയുധവും കണ്ടെത്തണമെന്നും കൂടുതൽ സാക്ഷികളുടെ മൊഴിയെടുക്കണമെന്നും കേസ് ഡയറിയിലുണ്ട്.

ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഇൻസെപ്കടർ എസ് അരുൺ ആണ് കേസ് ഡയറി തയ്യാറാക്കിയത്. ആ ഡയറി തിരുത്തി ഗൺമാൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി റിപ്പോർട്ട് നൽകിയെന്നാണ് എസ്ഐടി കണ്ടെത്തൽ. തിരുത്തും മുമ്പുള്ള ഡയറി പെൻഡ്രൈവിലാക്കി എഡിജിപി എംആർ അജിത് കുമാറിൻറ ഓഫീസിൽ എത്തിച്ചെന്നാണ് ആദ്യ അന്വേഷണ സംഘം എസ്ഐടിക്ക് നൽകിയ മൊഴി. അതായത് കേസ് ഡയറി തിരുത്തിയെന്ന ഗുരുതര കുറ്റം നീളുന്നത് അജിത് കുമാറിലേക്കാണ്. തിരുത്തുന്നതിന് മുമ്പുള്ള കേസ് ഡയറിയും തിരുത്തിയ ഡയറിയും എസ്ഐടി കണ്ടെടുത്തു. രക്ഷാപ്രവർത്തനത്തിൽ വിശദമായ റിപ്പോർട്ട് എസ്ഐടി ഉടൻ സമർപ്പിക്കും. ഗൺമാൻ അടക്കമുള്ളവർക്കെതിരെ ആദ്യ റിപ്പോർട്ട് നാലെ ഡിജിപിക്ക് കൈമാറും. ഡയറി തിരുത്തിയ രണ്ടാം രക്ഷാപ്രവർത്തനത്തിൽ ഡിജിപിയും സർക്കാറും തുടർ നടപടി എടുക്കും.

YouTube video player