തിരുവനന്തപുരം: കൊവിഡ് സമ്പർക്ക സാധ്യത കണക്കിലെടുത്താകണം ജാ​ഗ്രതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ 187 പേരാണ് ഇതുവരെ രോഗബാധിതരായത്. സംസ്ഥാനത്ത് കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും സമ്പർക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിലുള്ളതിനാൽ കരുതൽ വർധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി മോട്ടോർ സൈക്കിൾ ബ്രിഗേഡ് സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുജനങ്ങൾ സുരക്ഷിതമായ ശാരീരിക അകലം പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മറ്റ് സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണം. ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങരുത്. നിർദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോർ സൈക്കിൾ ബ്രിഗേഡ് സംവിധാനം ഏർപ്പെടുത്തും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലും സമീപത്തും പൊലീസുകാർ ബൈക്കിൽ പട്രോളിംഗ് നടത്തുമെന്നും വീടുകളിലെത്തി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Also Read: സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൊവിഡ്; ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവര്‍

ശനിയാഴ്ചകളിലെ സർക്കാർ ഓഫീസ് അവധി തുടരണോയെന്ന് പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെ അവധിയാണ്. ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗണായി തുടരും. എല്ലാവരും സഹകരിക്കണം. വീടുകളിൽ ക്വാറന്റൈനിൽ കഴിയേണ്ടവർ നിർദ്ദേശം ലംഘിച്ചതിന് സംസ്ഥാനത്ത് 65 കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരത്ത് 53 കേസുകളും കാസർകോട് 11 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. അതിർത്തിയിലും ചെക്പോസ്റ്റിലും പൊലീസുകാരെ അധികമായി നിയോഗിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.