Asianet News MalayalamAsianet News Malayalam

Mullaperiyar Dam Issue| നിലവിൽ ആശങ്കയ്ക്ക് വകയില്ല, അനാവശ്യഭീതി പരത്തിയാൽ നിയമനടപടി: മുഖ്യമന്ത്രി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 7 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2 അടിയായെന്നാണ് തമിഴ്നാട് സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചത്

Pinarayi vijayan about mullaperiyar
Author
Thiruvananthapuram, First Published Oct 25, 2021, 12:27 PM IST

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടുമായി (Mullaperiyar Dam) ബന്ധപ്പെട്ട് നിലവിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ (pinarayi Vijayan). മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചൊന്നും ഇപ്പോൾ സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ (assembly) പറഞ്ഞു. അണക്കെട്ടുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതി പരത്തരുത്. അത്തരം പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 7 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2 അടിയായെന്നാണ് തമിഴ്നാട് സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചത്. 138 അടിയിലെത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കിയെന്നും ജില്ലഭരണകൂടം അറിയിച്ചു.

ഡാം തുറക്കുന്നതിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിലെ പ്രചാരണം കൂടി കണക്കിലെടുത്ത് ദേശീയ ദുരന്തനിവാരണ സേനയും റവന്യൂ സംഘവും സംയുക്തമായി മുല്ലപ്പെരിയാർ അണക്കെട്ടിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ബോധവത്കരണം നടത്തിയിരുന്നു. പെരിയാർ തീരത്തുള്ളവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായിരുന്നു നടപടി.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 137 അടി കടന്നെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുൻദിവസങ്ങളെ അപേക്ഷിച്ച് ഡാമിൽ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ ഒഴിഞ്ഞ് നിന്നാൽ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് എത്താൻ സാധ്യതയില്ല.അഥവാ ജലനിരപ്പ് ഉയർന്നാലും ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കാനായിരുന്നു ബോധവത്കരണം.

2018ലേതിന് സമാനമായ സാഹചര്യം നിലവിലില്ല. കുറഞ്ഞ അളവിൽ അണക്കെട്ട് തുറക്കേണ്ടി വന്നാൽ കുറച്ച് പേരെ മാത്രമാണ് മാറ്റിപ്പാർക്കേണ്ടി വരിക. ഇവരുടെ പട്ടിക തയ്യാറാക്കി, മാറ്റുന്നതിന് ആവശ്യമായ വാഹനങ്ങൾ സജ്ജീകരിച്ചു. ദുരിതാശ്വാസ ക്യാന്പുകളും കണ്ടെത്തി. ഭീഷണി ഒഴിയും വരെ പ്രദേശത്തെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ആർഡിഒയുടെയും രണ്ട് സബ്കളക്ടർമാരുടെയും നേതൃത്വത്തിൽ റവന്യൂസംഘത്തെയും എൻഡിആർഎഫിനെയും വിന്യസിച്ചെന്ന് ജില്ലഭരണകൂടം അറിയിച്ചു.

Follow Us:
Download App:
  • android
  • ios