തിരുവനന്തപുരം: കൊറോണ കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ ഒഴിവാക്കണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ചില സമരപരിപാടികള്‍ സജീവമാകുന്നുണ്ട്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. സാധാരണ നിലയ്ക്ക് അതിനെ ആരും ചോദ്യം ചെയ്യില്ല. പക്ഷേ നാം ഇപ്പോള്‍ ജീവിക്കുന്ന സാഹചര്യം എല്ലാവരും മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് 19 രോഗത്തിന്‍റെ പശ്ചാത്തലം എല്ലാവരും ഓര്‍ക്കണം. ദൈനംദിന ജീവിതത്തിലെ പ്രധാനകാര്യങ്ങള്‍ ഒഴിക്കേണ്ടി വന്ന ഘട്ടത്തിലാണ് നമ്മളൊക്കെ. ആ സാഹചര്യത്തില്‍ ഒഴിവാക്കേണ്ട സമരവും ബഹളങ്ങളുമൊക്കെ ഒഴിവാക്കുക തന്നെ വേണം. സമരം ചെയ്യുന്നവരുടെ സുരക്ഷിത്വത്വവും സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്.

ജനങ്ങളെ ആകെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ താത്കാലികമായെങ്കിലും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചില സ്ഥലങ്ങളില്‍ ഇരച്ചുകയറ്റവും മറ്റും കാണുന്നുണ്ട്. പൊലീസുകാര്‍ക്ക് സമരക്കാരുമായി ശാരീരികമായി ഇടപെടേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.