തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജയ്പാല്‍ റെഡ്ഡിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അടിയന്തിരാവസ്ഥയ്ക്കെതിരെ രാജ്യത്ത് ശബ്ദമുയര്‍ത്തിയ നേതാക്കന്മാരില്‍ ഒരാളായിരുന്നു ജയ്പാല്‍ റെഡ്ഡി. ജനാധിപത്യ സംരക്ഷണത്തിനായി പോരാടിയ അദ്ദേഹം വർഗീയതക്കെതിരെയും ശക്തമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

കടുത്ത പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജയ്പാല്‍ റെഡ്ഡി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയാണ് അന്തരിച്ചത്. രണ്ട് യുപിഎ മന്ത്രിസഭകളിലും അംഗമായിരുന്ന അദ്ദേഹം ഐ കെ ഗുജ്‌റാളിന്റെയും മന്‍മോഹന്‍ സിങ്ങിന്റെയും കാലത്ത് വാർത്താവിനിമയ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചു. 

യുപിഎ സർക്കാരിൽ പെട്രോളിയം, നഗരവികസനം, സാസ്കാരികം, ശാസ്ത്ര സാങ്കേതികം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തു. കോൺഗ്രസിൽ പൊതുജീവിതം തുടങ്ങിയ ജയ്പാൽ റെഡ്ഢി 15 വർഷം ആന്ധ്ര നിയമസഭാംഗമായിരുന്നു.