പ്രദേശിക തലത്തിൽ നിന്ന് പടി പടിയായി സംസ്ഥാന നേതൃതലങ്ങളിലേക്ക് ഉയർന്നുവന്ന വ്യക്തിയായിരുന്നു പി പി തങ്കച്ചൻ. വിവാദങ്ങളിൽപ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രീയ രം​ഗത്ത് അദ്ദേഹം നിറഞ്ഞു നിന്നുവെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം: മുതിർന്ന കോൺ​ഗ്രസ് നേതാവ് പി പി തങ്കച്ചന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രദേശിക തലത്തിൽ നിന്ന് പടി പടിയായി സംസ്ഥാന നേതൃതലങ്ങളിലേക്ക് ഉയർന്നുവന്ന വ്യക്തിയായിരുന്നു പി പി തങ്കച്ചൻ. വിവാദങ്ങളിൽപ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രീയ രം​ഗത്ത് അദ്ദേഹം നിറഞ്ഞു നിന്നു. വഹിച്ച സ്ഥാനങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. മന്ത്രി, നിയമസഭാ സ്പീക്കർ എന്നീ നിലകളിൽ എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് സാധിച്ചു. കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച തങ്കച്ചൻ എല്ലാവരോടും സൗഹൃദം പുലർത്തിയ വ്യക്തിയായിരുന്നു എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

സംസ്കാരം ശനിയാഴ്ച

മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഫ് മുൻ കൺവീനറുമായിരുന്ന പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജജമായ അസുഖങ്ങളെത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം 4.30ന് ആയിരുന്നു അന്ത്യം. കെപിസിസി മുൻ പ്രസിഡന്റ്, മുൻ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1991 മുതൽ 95 വരെ സ്‌പീക്കറായിരുന്നു. 95ൽ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായി പ്രവർത്തിച്ചു. 1982 മുതൽ 1996 വരെ പെരുമ്പാവൂർ എംഎൽഎ ആയിരുന്നു. പിപി തങ്കച്ചന്‍റെ മൃതദേഹം ഇന്ന് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ പെരുമ്പാവൂരിലേക്ക് കൊണ്ടുപോകും. സംസ്കാരം ശനിയാഴ്ച നടക്കുമെന്നാണ് വിവരം.