Asianet News MalayalamAsianet News Malayalam

'കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ യുപിയില്‍';വര്‍ഗീയ ലഹളകളുടെ കണക്കുമായി യോഗിക്ക് പിണറായിയുടെ മറുപടി

ഏറ്റവും കൂടുതൽ വർഗീയകലാപങ്ങൾ നടക്കുന്ന സംസ്ഥാനമാണ് യുപി. നാഷണൽ ക്രൈംറെക്കോഡ്ക് ബ്യൂറോ കണക്ക് പ്രകാരം 4324 കൊലപാതകങ്ങളാണ് 2017-ൽ മാത്രം യുപിയിൽ നടന്നത്.

pinarayi vijayan criticize up minister Yogi Adityanath
Author
Trivandrum, First Published Feb 25, 2021, 7:07 PM IST

തിരുവനന്തപുരം: യുപിയിലെ വര്‍ഗീയ ലഹളകളുടെ കണക്ക് പറഞ്ഞത് യോഗിക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് യുപിയിലാണെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. രാഹുലിനും യോഗിക്കും സിപിഎമ്മിനെതിരെ ഒരേ വികാരമാണ്. കേരളത്തെ മനസിലാക്കാതെയാണ് രാഹുലിന്‍റെയും യോഗിയുടെയും വിമര്‍ശനമെന്നും . 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കേരളം അരാജകത്വത്തിലാണെന്ന് പറയുന്നവർ ഈ നാടിനെപ്പറ്റി മനസ്സിലാക്കിയിട്ടില്ലെന്നുറപ്പ്. അഴിമതി തുടച്ചുനീക്കാൻ ക്രിയാത്മകമായി ശ്രമിച്ച സംസ്ഥാനമാണ് കേരളം. രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഇത് വിവിധ സർവേകൾ തെളിയിച്ചതാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് യുപിയിലാണെന്ന് പറഞ്ഞത് അവിടത്തെ ബിജെപി എംഎൽഎ തന്നെയാണ്. കേരളത്തിൽ യുവാക്കൾ ജോലി കിട്ടാതെ നാടുവിടുന്നുവെന്നാണ് യോദിയുടെ മറ്റൊരു കണ്ടെത്തൽ. കേരളത്തിൽ അഭ്യസ്തവിദ്യരായ യുവാക്കൾ തൊഴിൽ തേടിപ്പോകുന്നത് ലോകത്തെവിടെയും തൊഴിൽ ചെയ്യാൻ അവർക്ക് പ്രാപ്തിയുള്ളതുകൊണ്ടാണ്. കേരളത്തിലെ അതിഥിത്തൊഴിലാളികളിൽ 15 ശതമാനം പേർ യുപിയിൽ നിന്നാണ്. അത് ജോലി കിട്ടാതെ നാട് വിടുന്നത് കൊണ്ടാണോ? അവർക്ക് ഇൻഷൂറൻസ് അടക്കം മികച്ച സൗകര്യങ്ങൾ കേരളത്തിൽ കിട്ടുന്നുണ്ട്. കാര്യങ്ങൾ അവരോട് ചോദിച്ചാലറിയാം.

ജനങ്ങളെ തമ്മിൽത്തല്ലിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് യുപി മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ അഞ്ച് വർഷം ഒരു വർഗീയകലാപവും നടക്കാത്ത സംസ്ഥാനമാണ് കേരളം. മതേതര മൂല്യങ്ങൾക്ക് വില കൽപിക്കുന്ന സംസ്ഥാനമാണ് കേരളം. യുപിയിലെ സ്ഥിതിയെന്താണ്? ഏറ്റവും കൂടുതൽ വർഗീയകലാപങ്ങൾ നടക്കുന്ന സംസ്ഥാനമാണ് യുപി. ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്നത് യുപിയിലാണ്. നാഷണൽ ക്രൈംറെക്കോഡ്ക് ബ്യൂറോ കണക്ക് പ്രകാരം 4324 കൊലപാതകങ്ങളാണ് 2017-ൽ മാത്രം യുപിയിൽ നടന്നത്. ഈ അടുത്താണ് ഒരു ഡിഎസ്പിയടക്കം എട്ട് പൊലീസുകാർ ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എത്രയെത്ര ഏറ്റുമുട്ടൽ കൊലപാതകങ്ങളാണ് അവിടെ നടക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ യൂപിയിലാണ്. ക്രമാതീതമായി 67 ശതമാനം വരെ അതിക്രമങ്ങൾ കൂടിയെന്നാണ് കണക്ക്.


പുതിയ വികസനമാതൃക തന്നെ കേരളം സൃഷിച്ചുവെന്ന് എല്ലാവർക്കും അറിയാം. സ്കൂളുകളും റോഡുകളും പാലങ്ങളും മറ്റെല്ലാ അടിസ്ഥാന സൗകര്യവികസനവും കേരളം കിഫ്ബി സഹായത്തോടെയാണ് നടപ്പാക്കിയത്. നിതി ആയോഗ് റിപ്പോർട്ട് പ്രകാരം സുസ്ഥിര വികസനസൂചികയിൽ കേരളം ഒന്നാമതാണ്. മികച്ച ഭരണം കാഴ്ചവച്ച ഇന്ത്യൻ സംസ്ഥാനവും കേരളമാണ്. യുപിയെ ബിജെപി മാതൃകാസംസ്ഥാനമാക്കി എന്നാണ് യോഗി പറഞ്ഞത്. കേരളം എന്തായാലും ആ മാതൃകയല്ല പിന്തുടരുന്നത്. രാഹുലിനും യോഗിക്കും കേരളത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമാണെങ്കിലും ഇടതിനെക്കുറിച്ച് ഒരേ വികാരമാണല്ലോ. അതിലവർ ഐക്യപ്പെടുന്നു. കേരളം മുന്നോട്ട് പോകുന്നത് ജനങ്ങളുടെ താത്പര്യം മുൻനിർത്തിയാണ്. ആരുടെയും സർട്ടിഫിക്കറ്റ് കേരളത്തിന് വേണ്ട. നാടിന്‍റെ സമ്പത്ത് തീറെഴുതാനും ജനദ്രോഹത്തിനും ഒരേ നയം പിന്തുടരുന്നവരാണ് ബിജെപിയും കോൺഗ്രസും. അതിന്‍റെ പ്രതിനിധികളായി രാഹുലും ആദിത്യനാഥും സംസാരിക്കുമ്പോൾ സ്വാഭാവികമായി ഒരു സ്വരം ഉയരും. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആസൂത്രിതമായ നുണപ്രചാരണവുമായി എത്തിയാൽ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാം എന്ന് കരുതരുത്.

Follow Us:
Download App:
  • android
  • ios