Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് 28798 രോഗികള്‍,151 മരണം; രോഗമുക്തി ഉയര്‍ന്നുതന്നെ, 35525 പേര്‍ക്ക് ഭേദമായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 184 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1663 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

pinarayi vijayan detailing covid new numbers
Author
Trivandrum, First Published May 26, 2021, 6:04 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,91,68,987 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7882 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 184 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1663 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4587, എറണാകുളം 3321, പാലക്കാട് 1846, കൊല്ലം 2824, തിരുവനന്തപുരം 2705, തൃശൂര്‍ 2187, ആലപ്പുഴ 2168, കോഴിക്കോട് 1780, കോട്ടയം 1413, കണ്ണൂര്‍ 1199, ഇടുക്കി 981, പത്തനംതിട്ട 884, കാസര്‍ഗോഡ് 556, വയനാട് 359 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

91 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, തിരുവനന്തതപുരം, തൃശൂര്‍ 12 വീതം, കൊല്ലം 10, പാലക്കാട്, കാസര്‍ഗോഡ് 8 വീതം, പത്തനംതിട്ട, എറണാകുളം 7 വീതം, വയനാട് 4, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 35,525 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3198, കൊല്ലം 3443, പത്തനംതിട്ട 1508, ആലപ്പുഴ 4391, കോട്ടയം 1876, ഇടുക്കി 1152, എറണാകുളം 4999, തൃശൂര്‍ 1827, പാലക്കാട് 3139, മലപ്പുറം 4720, കോഴിക്കോട് 2957, വയനാട് 372, കണ്ണൂര്‍ 1157, കാസര്‍ഗോഡ് 786 എന്നിങ്ങനേയാണ് രോഗമുക്തിയായത്. 2,48,526 ഇതോടെ പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,67,596 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ 8,89,902 ജില്ലകളിലായി പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,50,882 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,020 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3823 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 880 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

വാക്സീൻ മുൻഗണനാ പട്ടികയിൽ സിവിൽ സപ്ലൈസ്, സപ്ലൈകോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോർട്ട് ഓഫീസ് ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തി. ഈ മാസം 31 മുതൽ സെക്രട്ടേറിയറ്റിൽ 50 ശതമാനം ജീവനക്കാർ ഹാജരാവാണം. നിയമസഭ നടക്കുന്നതിനാൽ അണ്ടർ സെക്രട്ടറിമാർ മേലോട്ടുള്ള ഉദ്യോഗസ്ഥരെല്ലാം സെക്രട്ടേറിയേറ്റിലുണ്ട്. ചകരിമില്ലുകൾക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാൻ അനുമതി. വളം,കീടനാശിനികൾ വിൽക്കുന്ന കടകൾ ആഴ്ചയിൽ ഒരുദിവസം തുറക്കാം. കൊവിഡ് മൂലം മരിക്കുന്നവരുടെ മൃതദേഹം മാറ്റുന്നതിലും സംസ്കരിക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണം. മരിച്ചവരെ ഉടനെ വാർഡിൽ നിന്നും മാറ്റണം. ടെക്നിക്കൽ സർവകലാശാലയിലെ അവസാന സെമസ്റ്റർ പരീക്ഷ ഓണലൈനായി നടത്തും. വിവിധ സർവകലാശാലകളിലെ വിസിമാരുടെ യോഗം ഉന്നത വിദ്യാഭ്യാസമന്ത്രി വിളിച്ചു. ഓഫ് ലൈനായി പരീക്ഷ മതിയെന്നാണ് അവരുടെ അഭിപ്രായം.

കൊവിഡ് നിയന്ത്രണം മാറിയാൽ ജൂണ് 15 മുതൽ പരീക്ഷകൾ ആരംഭിക്കാനാവും എന്നാണ് വിസിമാരുടെ വിലയിരുത്തൽ. അതിനനുസരിച്ച് പരീക്ഷകൾ തുടങ്ങും. മത്സ്യബന്ധന തുറമുഖങ്ങൾ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങി. അവയുടെ പ്രവർത്തനം സുഗമമായി നടത്താൻ ആവശ്യമായ മാർഗനിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ സാമാഗ്രികൾക്ക് സർക്കാർ പൊതുവിപണിയിൽ വില നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ മെഡിക്കൽ സ്റ്റോറുകളിൽ അടക്കം കൂടിയ വിലയ്ക്ക് ഇവ വിൽക്കുന്ന അവസ്ഥയുണ്ട്. ഇത്തരം നടപടികൾ കണ്ടെത്താനായി പ്രത്യേക സംഘം എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കാനാണ് നിർദേശം.

ഗുണനിലവാരമില്ലാത്തതും കമ്പനികളുടെ പേരും വിലയും ഇല്ലാത്ത പൾസ് ഓക്സിമീറ്ററുകൾ വാങ്ങാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ശരീരത്തിൻ്റെ ഓക്സിജൻ നില മനസിലാക്കേണ്ടത് കൊവിഡ് രോഗികളുടെ സുരക്ഷയ്ക്ക് ആവശ്യമാണ്. ഗുണനിലവാരമുള്ള ഓക്സിമീറ്ററുകളെ ഉപയോഗിക്കാൻ പാടുള്ളു. മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികളുടെ പൾസ് ഓക്സിമീറ്റർ മാത്രമേ വാങ്ങാവൂ. ആ പട്ടിക ഉടനെ പരസ്യപ്പെടുത്തും. ബ്ലാക്ക് ഫംഗസ് രോഗത്തിൻ്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ കഴിയുമോ എന്ന് വിദേശത്തുള്ള മലയാളി സംഘടനകളോട് ആരാഞ്ഞിട്ടുണ്ട്. അവ ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് മരുന്ന് ലഭ്യമാക്കാൻ മെഡിക്കൽ സർവ്വീസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്താനും ആലോചിക്കുന്നു.

വാക്സീൻ എടുത്തവർ അതിരുകവിഞ്ഞ സുരക്ഷാബോധം കൊണ്ടുനടക്കേണ്ട കാര്യമില്ല. രോഗം വന്നാലും രൂക്ഷത കുറവായിരിക്കും എന്നേയുള്ളൂ. വാക്സീൻ എടുത്തവരിലും രോഗബാധയുണ്ടാവാം. രോഗവാഹകരായി ഇവർ മാറാനും സാധ്യതയുണ്ട്. ആശുപത്രികളിൽ പോകുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ സർക്കാരിൻ്റെ ഇ സജ്ഞീവനി ആപ്പ് വഴി ടെലിമെഡിസൻ സൗകര്യം ഉപയോഗപ്പെടുത്തി ചികിത്സ തേടേണ്ടതാണ്.

ഇന്ന് വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഓണ്‍ലൈനായി ചേർന്നു. സർക്കാർ നയം നടപ്പിലാക്കുന്ന ഏറ്റവും സീനിയറായ ഉദ്യോഗസ്ഥരാണ് സെക്രട്ടറിമാർ. ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഇപ്പോഴും നിലനിൽക്കുന്നു. ഇതൊഴിവാക്കണം. ഒരാളുടെ കയ്യില്‍ ഫയൽ എത്രകാലം വയ്ക്കാം എന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയൽ വളരെയധികം പേർ പരിശോധിക്കണോ എന്ന് ചിന്തിക്കണം. ഫയൽ നീക്കവും ഫയലിലെ തീരുമാനവും നിലവിലെ രീതിയിൽ പോരാ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം കൊണ്ടുവന്ന് ഇക്കാര്യത്തിൽ ആലോചന വേണം. തീരുമാനം സത്യസന്ധമായി കൈക്കൊളുമ്പോൾ അനാവശ്യമായ ഭയവും ആശങ്കയും ആർക്കും വേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ പിന്തുണ നൽകും. എന്നാൽ അഴിമതി കാണിച്ചാൽ ഒരു സംരക്ഷണവും പ്രതീക്ഷിക്കേണ്ട.

ഫയൽ തീർപ്പാക്കാൽ പദ്ധതി കഴിഞ്ഞ സർക്കാർ രണ്ടുതവണ നടപ്പാക്കി. ഇത് ഭരണക്രമത്തിന്‍റെ ഭാഗമായി തീർക്കണം. സങ്കട ഹർജികൾ, പരാതികൾ എന്നിവ വ്യക്തിഗത പ്രശ്നമാണെങ്കിലും അവ പരിഹരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി സംവിധാനത്തിലെ പോരായ്മകൾ എന്തെല്ലാം എന്നുകൂടി സെക്രട്ടറിമാർ ശ്രദ്ധിക്കണം. ഭരണപരിഷ്കരണവും നവീകരണവും തുടർപ്രക്രിയായി നടക്കേണ്ടതാണ്. ഭരണപരിഷ്കാര കമ്മീഷനിലെ ശുപാർശകൾ ​ഗൗരവമായി കണ്ട് നടപടി സ്വീകരിച്ചോ എന്ന് ഒരോ സെക്രട്ടറിയും പരിശോധിക്കും.

വിരമിക്കൽ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണം എന്ന് നിർദേശിച്ചിരുന്നു. ഇത് കൃത്യമായി നടന്നോ എന്ന് ചീഫ് സെക്രട്ടറി പരിശോധിക്കും. ഇനിയും പിഎസ്സിക്ക് വിടാതെ നിയമനങ്ങൾ ഏറ്റെടുക്കാൻ സ്പെഷ്യൽ റൂൾ വേണം. അതിനുള്ള നടപടി സെക്രട്ടറിമാർ എടുക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിതരണം വൈകാൻ പാടില്ല. ഇക്കാര്യം ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നടപ്പാക്കിയ നിർദേശങ്ങളും അതിൻ്റെ പുരോഗതിയും ജനങ്ങളെ അറിയിക്കുന്ന സംവിധാനം കഴിഞ്ഞ സർക്കാർ നടപ്പാക്കിയിരുന്നു. ഈ മാതൃക ഈ സർക്കാരും പിൻതുടരും. അതിദാരിദ്രം ഒഴിവാക്കൽ, സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കൽ, ഗാർഹിക ജോലി ലഘൂകരിക്കൽ, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും അവരുടെ അടുത്തെത്തി ആവശ്യം നിറവേറ്റൽ ഇങ്ങനെ സർക്കാർ തയ്യാറാക്കിയ എല്ലാ കർമ്മപരിപാടിയും സമയബന്ധിതമായും ഫലപ്രദമായും നടപ്പാക്കാൻ സെക്രട്ടറിമാര്‍ മുൻകൈ എടുക്കണം.

സർക്കാർ സേവനങ്ങൾ തങ്ങളുടെ അവകാശമായി പ്രഖ്യാപിക്കാനുള്ള സമഗ്ര നടപടിക്ക് സര്‍ക്കാര്‍ തീരുമാനിച്ചു. സേവന അവകാശ നിയമം കൂടി ഇക്കാര്യത്തിൽ പരിഗണിക്കണം. ഭരണനിർവഹണത്തിൽ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗം കൂടിയാണിത്. കേരളത്തിൻ്റെ മുഖച്ഛായ മാറ്റാൻ പറ്റുന്ന പ്രധാന പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള ഇടപെടലുണ്ടാവണം. കൊച്ചി -ബാഗ്ലൂർ വ്യവസായ ഇടനാഴി, മംഗലാപുരം - എറണാകുളം വ്യവസായ ഇടനാഴി എന്നിവയുടെ കാര്യത്തിൽ തുടർനടപടി വേണം. സെമി ഹൈസ്പീഡ് റെയിൽവേ വലിയ സ്വീകാര്യതയുണ്ടാക്കിയ പദ്ധതിയാണ്. തീരദേശ-മലയോര ഹൈവേകളും വലിയ മാറ്റമാണ് കേരളത്തിൽ ഉണ്ടാക്കുക. ഇവയ്ക്കെല്ലാം പ്രാധാന്യം കൊടുത്ത് വേണം നീങ്ങാൻ എന്നാണ് യോഗത്തിലെ തീരുമാനം. പുതിയ പദ്ധതികൾ പൂർത്തിയാക്കാനും ഉണ്ട്. നല്ല പ്രാധാന്യത്തോടെ അതത് വകുപ്പുകൾ ഏറ്റെടുത്ത് വേഗതയോടെ ഇതെല്ലാം നടപ്പിലാക്കണം. എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞവ മുൻഗണനാ അടിസ്ഥാനത്തിൽ നടപ്പാക്കാൻ നിർദേശം നൽകി. കഴിഞ്ഞ പ്രകടന പത്രികയിൽ പറഞ്ഞ് നടപ്പാക്കാൻ ബാക്കിയുള്ളവയ്ക്കും മുൻഗണന നൽകണം.

ഒരോ ഘട്ടത്തിലും രൂക്ഷമായ കടലാക്രമണമാണ് ഇവിടെ നേരിടേണ്ടി വരുന്നത്. കടലാക്രമണം നേരിടാൻ ലോകത്ത് ഏതൊക്കെ രീതികളുണ്ടോ അതെല്ലാം പരിശോധിച്ച് അതിലേറ്റവും മികച്ചത് നടപ്പാക്കണം. കേന്ദ്രസർക്കാരിൽ നിന്നും കിട്ടേണ്ട സാമ്പത്തിക സഹായം നേടിയെടുക്കാൻ പ്രത്യേക ശ്രദ്ധ വേണം. അതിനായി പ്രത്യേക സംവിധാനം വേണമെങ്കിൽ അതൊരുക്കാനും തീരുമാനമായിട്ടുണ്ട്. എൽഡിഎഫ് പ്രകടന പത്രികയിലെ പ്രധാന ഇനമാണ് സ്മാർട്ട് കിച്ചണ്‍ അതിനുള്ള മാർഗരേഖയും ശുപാർശയും സമർപ്പിക്കാൻ വനിതാശിശുക്ഷേമ വകുപ്പ് മൂന്നംഗസമിതിയെ നിയമിച്ചു. ധനവകുപ്പ് അഢീ.ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് അഢീ.ചീഫ് സെക്രട്ടറി, വനിതാശിശുക്ഷേമവകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിലുള്ളത്. സമിതിയോട് ജൂലൈ പത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗാർഹിക അധ്വാനം കൂടുതലും സ്ത്രീകൾക്കാണ് വീട്ടിലെ ജോലിക്കൊപ്പം പുറമേയുള്ള ജോലിയിലും ഇവർ ഏർപ്പെടുന്നു. സ്ത്രീകളുടെ വീട്ടിലെ അധ്വാനം നമ്മുടെ സമ്പദ് വ്യവസ്ഥയുെട ആകെ മൂല്യ കണക്കാക്കുമ്പോൾ ഉൾപ്പെടുന്നില്ല. ഗാർഹിക അധ്വാനം നടത്തുന്ന സത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുക. അവരുടെ വീട്ടുജോലി ഭാരം കുറയ്ക്കുക എന്നതാണ് സ്മാർട്ട് കിച്ചണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഗാർഹിക ഉപകരണം ലഭ്യമാക്കുന്നതടക്കം ഈ പദ്ധതിയുടെ ഭാഗമായിരിക്കും. വിഴിഞ്ഞം തീരത്ത് കഴിഞ്ഞ ദിവസം അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കാനും വിലയേറിയ എട്ട് ജീവനുകൾ രക്ഷിക്കാനും കോസ്റ്റൽ ഗാർഡിനും കോസ്റ്റൽ പൊലീസിനും തിരുവനന്തപുരം സിറ്റി പൊലീസിനും സാധിച്ചു. കോസ്റ്റൽ ഗാർഡിൻ്റെ സേവനം പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. എല്ലാവരേയും അഭിനന്ദിക്കുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാസ്ക് ധരിക്കാത്ത 8823 പേർക്കെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കത്തതിന് 5636 പേർക്കെതിരെ നിയമ നടപടിയെടുത്തു. പിഴയായി 3986750 രൂപ ഈടാക്കി. പതിനഞ്ചാം കേരള നിയമസഭയുടെ ഈ വർഷത്തെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ്റെ കരടിന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇന്ന് മന്ത്രിസഭ ചേ‍ർന്നപ്പോൾ മന്ത്രിമാരുടെ ശമ്പളത്തിൽ നിന്നും പതിനായിരം രൂപ വീതം ഒരുവ‍ർഷത്തേക്ക് സംഭാവനയായി നൽകും. കൊവിഡ് വ്യാപന നിയന്ത്രണമാണ് പ്രധാനം. അതിൽ ഇളവുവരുത്താൻ പറ്റില്ല. എന്നാൽ ജീവിതാവശ്യങ്ങൾ നിറവേറ്റാൻ ജനങ്ങളെ അനുവദിക്കേണ്ടതായിട്ടുണ്ട്. അക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കും. ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ 30-ന് മുൻപ് തീരുമാനം പ്രഖ്യാപിക്കും.,

Follow Us:
Download App:
  • android
  • ios