Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൊവിഡ്; 8474 പേര്‍ക്ക് രോഗമുക്തി

6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 734 രോഗികളുടെ ഉറവിടമറിയില്ല. 8474 പേര്‍ക്ക് രോഗമുക്തി. 54339 സാമ്പിൾ പരിശോധിച്ചു. 

pinarayi vijayan gives details of kerala covid spread
Author
Trivandrum, First Published Oct 29, 2020, 6:02 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 168 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 734 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചവരുടെ എണ്ണം 26. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

മാസ്ക് ധരിക്കാത്ത ഒട്ടേറെ പേര്‍ ഇപ്പോഴുമുണ്ട്. അതിന്‍റെ പ്രാധാന്യം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. മണ്ഡല മകരവിളക്ക് സീസൺ ശബരിമലയിൽ ആരംഭിക്കാനിരിക്കുകായാണ്. അവധി ദിവസങ്ങളിലെല്ലാം തിരക്ക് ഇല്ലാത്ത വിധത്തിൽ ക്രമീകരണങ്ങൾ ഉണ്ടാക്കണം. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. അവിടെ ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവര്‍ രോഗബാധിതരാണെങ്കിൽ ചികിത്സാ സൗകര്യം ഒരുക്കും. മടങ്ങിപ്പോകണമെന്നുള്ളവര്‍ക്ക് അതിനുള്ള യാത്രാ സൗകര്യവും ഒരുക്കും. കൊവിഡ് ബാധിച്ച് മരിക്കുന്നവരെ ആശുപത്രിയിൽ നിന്ന് വിട്ടുകൊടുക്കുന്നതിനും സംസ്കാര നടപടിൾക്കും കാലതാമസം വരുന്നു എന്ന് പരാതി ഉണ്ട്. ഇതിനെതിരെ ജാഗ്രതയും ഏകോപനവും വേണം. 

ആശുപത്രിയും നഗരസഭയും തദ്ദേശ സ്ഥാപനങ്ങളും എല്ലാം ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. സ്വാകാര്യ ആശുപത്രികളിൽ 10 ശതമാനം ബെഡ് കൊവിഡ് രോഗികൾക്ക് മാറ്റിവക്കണം. തിരുവനന്തപുരം കൊല്ലം കോഴിക്കോട് ഐസിയു ബെഡുകളുടെ എണ്ണം കൂട്ടും.  ടെസ്റ്റിഗ് നിരക്ക് കൂട്ടുന്നതിന്‍റെ ഭാഗമായി പൊതു സ്ഥലങ്ങളിൽ കിയോസ്കുകൾ സ്ഥാപിക്കാൻ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നൽകി. 57 ഇടങ്ങളിൽ ഇതിനകം കിയോസ്ക് സ്ഥാപിച്ചു.

മറ്റ് അനാരോഗ്യമുള്ളവരിൽ കൃത്യമായ ഇടവേളകളിൽ കൊവിഡ് ടെസ്റ്റ് ചെയ്യണം. ഇതിനുള്ള ബോധവത്കരണം നടത്തണം. ഇതിനായി ക്യാമ്പെയിന്‍ നടത്തും. രോഗം വന്ന് പോയ ശേഷം നല്ല പരിചരണം വേണം. പോസ്റ്റ് കൊവിഡ് കെയര്‍ സെന്‍റര്‍ ആരോഗ്യവകുപ്പ് ആരംഭിക്കും. ഇതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ തയ്യാറാക്കും. ഇതോടൊപ്പം ടെലി മെഡിസിൻ സൗകര്യം വിപുലപ്പെടുത്തും.

സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോര്‍ഡുകൾ വഴിയുള്ള പെൻഷൻ വിതരണം ഇന്നലെ ആരംഭിച്ചു. അതാത് മാസത്തെ പെൻഷൻ അതാത് മാസം വിതരണം ചെയ്യുമെന്ന പ്രകടന പത്രികയിലെ നിര്‍ദ്ദേശം നടപ്പാക്കും. നെല്ലു സംഭരണത്തിൽ നിന്നും വിട്ടുനിന്ന് സ്വകാര്യ മില്ലുടമകളുടെ സമരം പിൻവലിച്ചു. സഹകരണ സംഘങ്ങൾ ശേഖരിച്ച നെല്ല് സംസ്കരിക്കാൻ നടപടി ഉണ്ടാകും. പാലക്കാട് ആലപ്പുഴ ജില്ലകളിലാണ് കൊയ്ത്ത് നടക്കുന്നത്.  റെക്കോര്‍ഡ് വിളവാണ് പ്രതീക്ഷിക്കുന്നത്. പ്രളയം വരുത്തിയ ജൈവ വൈവിദ്ധ്യ നാശം വളരെ വലുതാണ്. നഷ്ടപ്പെട്ടതെല്ലാം പുനരുജ്ജീവിപ്പിക്കാൻ സാധ്യമാണ്. പമ്പാ നദീതീര ജൈവ വൈവിദ്ധ്യ പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിട്ടുണ്ട്.

ഭൂപ്രകൃതിക്കും ആവാസ വ്യവസ്ഥക്കും അനുസരിച്ചാകണം പുനരുജ്ജീവനമെന്ന് ധാരണയുണ്ട്. ജൈവ വൈവിദ്ധ്യ ശോഷണം സംഭവിച്ച പ്രദേശങ്ങളിൽ ഊന്നിയായിരിക്കും പ്രവര്‍ത്തനങ്ങൾ. പമ്പാതീരത്തെ പത്ത് ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. അറുപത്തിനാല് സസ്യ ഇനങ്ങളുടെ തൈകൾ പ്രദേശത്ത് നട്ടുപിടിപ്പിക്കും.  രാജ്യമാകെ കര്‍ഷക പ്രക്ഷോഭം ആഞ്ഞടിക്കുന്ന അവസ്ഥയാണ്. ആ സമയത്താണ് പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച് കേരളത്തിൽ സര്‍ക്കാര് കൈത്താങ്ങാകുന്നത്. രാജ്യത്ത് ആദ്യമായാണ്  പച്ചക്കറി തറവില ഒരു സസ്ഥാനം പ്രഖ്യാപിക്കുന്നത്. സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉത്പാദനം കൂട്ടാനും കര്‍ഷകര്‍ക്ക് കൈത്താങ്ങാകാനും ലക്ഷ്യമിട്ടാണ് പദ്ധതി. 

തെരഞ്ഞെടുത്ത 16 ഇനം പച്ചക്കറികൾക്കാണ് ആദ്യ ഘട്ടത്തിൽ തറവില നിശ്ചയിക്കുന്നത്. ഉദ്പാദന ചെലവിനൊപ്പം 20 ശതമാനം തുകയാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്. ഉത്പന്നത്തിന്‍റെ ഗുണ നിലവാരം ഉറപ്പുവരുത്തി ഗ്രേഡ് നിശ്ചയിക്കാനും കാലാകാലം തറവില പുതുക്കാനും വ്യവസ്ഥയുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കും ശേഖരണത്തിന്‍റെയും വിതരണത്തിന്‍റെയും ചുമതല. പുതിയ സംരംഭകരെ ആകര്‍ഷിക്കും വിധമാകും പദ്ധതി. 

കൊല്ലം തുറമുഖത്തെ മൾട്ടിപര്‍പ്പസ് പാസഞ്ചേഴ്സ് ടെര്‍മിനൽ യാഥാര്‍ത്ഥ്യമായി. നിലവിൽ വിഴിഞ്ഞത്ത് നടക്കുന്ന ക്രൂ ചേഞ്ചിംഗ് സംവിധാനം ഒരുങ്ങും. കൊല്ലം മിനിക്കോയ് വിനോദ സഞ്ചാരത്തിനും ഇതോടെ അവസരമൊരുങ്ങും. 3 കോടി 26 ലക്ഷം ചെലവഴിച്ച് രണ്ട് ടഗ്ഗുകളും ഉണ്ട്. ഒരെണ്ണം കൊല്ലത്തും മറ്റൊരെണ്ണം ബേപ്പൂരും ആയിരിക്കും ഉണ്ടാകുക. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവിതപങ്കാളിക്കും കുട്ടികൾക്കും വര്‍ഷം തോറും മൂന്ന് ലക്ഷം രൂപയുടെ ചികിത്സാ സൗകര്യം ഒരുക്കുന്ന ഇൻഷുറൻസ് പദ്ധതിയും ആവിഷ്കരിച്ചു.

സംവരണ വിഷത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് കരുതുന്നു. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ശരിയായ വിധത്തിൽ സമീപിച്ചാണ് സംവരണ മാനദണ്ഡങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. ദശാബ്ദങ്ങളായി തുടരുന്ന രീതികൾ മാറണം. പുതിയ സംവരണം വരുന്നതോടെ നിലവിലുള്ളവര്‍ക്ക് എന്തോ നഷ്ടപ്പെടുമെന്ന ധാരണയാണ് പ്രചരിക്കുന്നത്. 

സംവരണം പട്ടിക ജാതി പട്ടിക വര്‍ഗ്ഗങ്ങൾക്കുള്ളത് അവരെ ശരാശരി നിലവാരത്തിലേക്ക് ഉയര്‍ത്താനാണ്. അതിനി തുടരേണ്ടതുണ്ടോ എന്നമട്ടിൽ ദേശീയ തലത്തിൽ ചര്‍ച്ചകൾ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. പിന്നോക്ക വിഭാഗങ്ങൾക്ക് ഉള്ള സംവരണം തുടരണമെന്ന് തന്നെയാണ് നിലപാട്. മുന്നോക്ക സംവരണം നിലവിലെ സംവരണ വിഭാഗങ്ങൾക്ക് നഷ്ടം ഉണ്ടാക്കും എന്ന ആശങ്ക പരത്തുന്നു. മുന്നോക്ക സംവരണത്തെ നേരത്തെ തന്നെ സിപിഎം അനുകൂലിച്ചതാണ്. മുന്നോക്ക സംവരണം യുഡിഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തി.

തെറ്റിദ്ധരിക്കപ്പെട്ടവരോട് പറയാനുള്ളത് ഇന്ന് നിലവിലുള്ള സംവരണം ഒരു നേരിയ ശതമാനം പോലും ഇല്ലാതാകില്ല. വലിയ തോതിൽ ചന്ദ്രഹാസം ഇളക്കി വരുന്ന ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിനെ കുറിച്ചാണ് ഇനി പറയാനുള്ളത്. കേരളം വിട്ടാൽ എവിടെയാണ് സംവരണം ഉള്ളത്. സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ എന്നാണ് ഇനി പറയേണ്ടത്. സംവരണേതര വിഭാഗത്തിൽ പെട്ടവര്‍ക്കെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും. എല്ലാ മതത്തിലേയും ഒരു മതത്തിലും പെടാത്തവര്‍ക്കും എല്ലാം ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകുന്ന വിധത്തിലാണ് സംവരണം നിലവിൽ വരുന്നത് എന്ന് എല്ലാവരും മനസിലാക്കണം.

അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങൾ ഒന്നിന് പുറകെ ഒന്നായി ഉന്നയിച്ച് സര്‍ക്കാരിന്‍റെ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഒരു ഉദ്യോഗസ്ഥന്‍റെ ചെയ്തികളെ മുൻനിര്‍ത്തി സര്‍ക്കാരിന് മേൽ അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞ് പിടിപ്പിക്കാനാകില്ല. യുഎഇ കോൺസുലേറ്റിലേക്ക് വന്ന ബാഗ് കസ്റ്റംസ് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 14 കിലോ സ്വര്‍ണം കണ്ടെത്തിയത്. ശിവശങ്കറിന്‍റെ ചെയ്തികൾ സർക്കാരിന്‍റെ തലയിൽ കെട്ടിവെക്കാനാണ് പ്രതിപക്ഷ ശ്രമം. ശിവശങ്കറിന്‍റെ അറസ്റ്റോടെ അതിന്‍റെ തീവ്രത കൂടി.

ഈ സർക്കാർ ഒരു അഴിമതിയും വെച്ച് പൊറുപ്പിക്കില്ല. ജനങ്ങളെ തെറ്റായ പ്രചാരങ്ങളിലൂടെ തെറ്റിദ്ധരിപിക്കാൻ ശ്രമം നടക്കുകയാണ്. നയതന്ത്ര ബാഗിൽ സ്വർണ്ണം പിടിച്ചപ്പോൾ മുതൽ പ്രചാരണം ശക്തമായിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ശിവശങ്കറിന്‌ എതിരെ നടപടി എടുത്തു.സ്വർണ്ണക്കടത്തില്‍ സർക്കാരിനെ കുറ്റപ്പെടുത്താൻ ഒന്നും ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചില്ല എന്ന് പറഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥനേ സ്ഥലം മാറ്റിയത് ചർച്ച ആയതേ ഇല്ല.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരെങ്കിലും സഹായിച്ചോ എന്ന  ചോദ്യത്തിന് ഇല്ലെന്നായിരുന്നു ശിവശങ്കറിന്‍റെ മറുപടി. മുൻകാലങ്ങളിലേത് പോലെ മനസാക്ഷിയെ കോടതിയുടെ സ്ഥാനത് പ്രതിഷ്ഠിക്കാൻ ഈ സർക്കാർ ശ്രമിച്ചില്ല. അതാണ് യുഡിഫ് സർക്കാരുമായുള്ള കാതലായ മാറ്റം. സ്പേസ് പാര്‍ക്കിലെ നിയമനത്തിൽ ആരോപണം ഉയർന്നപ്പോൾ സ്വപ്നയേയും മാറ്റി. സ്വർണക്കടത്ത് കേസിനെ വക്രീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ മേൽ കെട്ടിവെക്കാൻ ശ്രമം നടക്കുകയാണ്. ലൈഫ് മിഷൻ വിദേശ സംഭാവന ചട്ടം ലംഘിച്ചിട്ടില്ല. ശരിയായ ദിശയിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ ഒരു ഘട്ടത്തിലും എതിര്‍ത്തിട്ടില്ല. പക്ഷെ നിയമ പരമല്ലാത്ത ഇടപെടലുകൾക്കെതിരെ നടപടിയുമായി മുന്നോട്ട് പോകേണ്ടിവരും.അതിലെന്താണ് തെറ്റ്. 

അധികാരത്തിൽ വരും മുൻപ് ശിവശങ്കറിനെ പരിചയം ഇല്ല. വിവിധ ഇടങ്ങളിൽ മികവ് കാണിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ ക്രമപ്രകാരം ആണ് ശിവശങ്കറിനെ ചുമതല ഏൽപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം വിശ്വസ്ഥരാണ്. പ്രത്യേകിച്ച് ഒരു കാരണം ഇല്ലാതെ അവിശ്വാസത്തിന്‍റെ പ്രശ്നം ഉദിക്കുന്നില്ല. പാര്‍ട്ടിയല്ല ശിവശങ്കറിനെ നിയമിച്ചത്. ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല. ശിവശങ്കറിന്‍റെ വ്യക്തിപരമായ ഇടപെടലുകളിൽ സർക്കാരിന് ഉത്തരവാദിത്തം ഇല്ല. 

Follow Us:
Download App:
  • android
  • ios