Asianet News MalayalamAsianet News Malayalam

'പിണറായി തൊട്ടാവാടിയല്ല'; മുഖ്യമന്ത്രി അല്ലായിരുന്നെങ്കിൽ സംരക്ഷണം ജനങ്ങൾ ഏറ്റെടുത്തേനേയെന്ന് എ കെ ബാലൻ

'ശക്തമായ പ്രതിസന്ധിയും വെല്ലുവിളിയും ഉണ്ടാകുമ്പോൾ അതിനെ അതിജീവിക്കുന്നതിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന നേതാവാണ് പിണറായി വിജയൻ'

pinarayi vijayan high security cpim central committee member a k balan response
Author
Thiruvananthapuram, First Published Jun 12, 2022, 4:25 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത സുരക്ഷ ഏർപ്പെടുത്തിയത് സംബന്ധിച്ച് പ്രതിപക്ഷം വിമർശനങ്ങൾ ഉയർത്തുമ്പോൾ പ്രതികരണവുമായി മുതിർന്ന സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം എ കെ ബാലൻ. പിണറായി വിജയൻ മുഖ്യമന്ത്രിയായത് കൊണ്ടാണ് പൊലീസ് സംരക്ഷണമെന്ന് എ കെ ബാലൻ പറഞ്ഞു. അല്ലാത്ത പിണറായി വിജയനാണെങ്കിൽ ഈ സംരക്ഷണം ആവശ്യമില്ല. അത് ജനങ്ങൾ ഏറ്റെടുത്തു കൊള്ളും. ഇപ്പോൾ ആ ചുമതല ജനങ്ങൾക്ക് കൊടുക്കാൻ കഴിയില്ല. തെരുവിൽ  ഏറ്റുമുട്ടലുണ്ടാക്കി ക്രമസമാധാനം തകർന്നെന്ന് വരുത്തുന്നതിനാണ് പ്രതിപക്ഷ നേതാവും ബിജെപി നേതാവും  ശ്രമിക്കുന്നത്.

വിമോചന സമരകാലത്തും ഇതു തന്നെയായിരുന്നു പരിപാടി. ക്രമസമാധാനം തകർന്നെന്നു പറഞ്ഞാണ് കേന്ദ്രം അന്ന് പിരിച്ചുവിട്ടത്. ആ ദിശയിലേക്ക്, കേരളത്തെ ഒരു കലാപഭൂമിയാക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പ്രക്ഷോഭം തിരിച്ചറിയാത്തവരല്ല എൽഡിഎഫുകാരെന്നും എ കെ ബാലൻ ഫേസ്ബുക്കിൽ കുറിച്ചു. ശക്തമായ പ്രതിസന്ധിയും വെല്ലുവിളിയും ഉണ്ടാകുമ്പോൾ അതിനെ അതിജീവിക്കുന്നതിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന നേതാവാണ് പിണറായി വിജയൻ.

അദ്ദേഹം അത്തരം ഘട്ടങ്ങളിൽ മയങ്ങിപ്പോകാറില്ല. പിണറായി വിജയൻ ഒരു തൊട്ടാവാടിയല്ല. പ്രതിസന്ധികളിൽ നിന്ന് പോസിറ്റീവ് എനർജി ആർജിച്ച്  പതിന്മടങ്ങ്   ശക്തിയോടെ അദ്ദേഹം  എതിരാളികളെ നേരിടും. അതാണ് പിണറായിയുടെ  രാഷ്ട്രീയജീവിതം എന്നുകൂടി മനസിലാക്കുന്നത് നല്ലതാണെന്നും ബാലൻ ഓർമ്മിപ്പിച്ചു.

എ കെ ബാലന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്ര സുരക്ഷ ? ഇതാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചോദ്യം. ഞങ്ങളൊന്നും ചെയ്യില്ലല്ലോ എന്നാണ്  പ്രതിപക്ഷ നേതാവ് പറയുന്നത്. ഭയമുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരുന്നാൽ മതിയെന്നാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറയുന്നത്. 
പിണറായി വിജയൻ മുഖ്യമന്ത്രിയായതു കൊണ്ടാണ് പൊലീസ് സംരക്ഷണം. അല്ലാത്ത പിണറായി വിജയനാണെങ്കിൽ ഈ സംരക്ഷണം ആവശ്യമില്ല. അത് ജനങ്ങൾ ഏറ്റെടുത്തു കൊള്ളും. ഇപ്പോൾ ആ ചുമതല ജനങ്ങൾക്ക് കൊടുക്കാൻ കഴിയില്ല.  തെരുവിൽ  ഏറ്റുമുട്ടലുണ്ടാക്കി ക്രമസമാധാനം തകർന്നെന്ന് വരുത്തുന്നതിനാണ് പ്രതിപക്ഷ നേതാവും ബി ജെ പി നേതാവും  ശ്രമിക്കുന്നത്. വിമോചന സമരകാലത്തും ഇതു തന്നെയായിരുന്നു പരിപാടി. ക്രമസമാധാനം തകർന്നെന്നു പറഞ്ഞാണ് കേന്ദ്രം അന്ന് പിരിച്ചുവിട്ടത്. ആ ദിശയിലേക്ക്, കേരളത്തെ ഒരു കലാപഭൂമിയാക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പ്രക്ഷോഭം  തിരിച്ചറിയാത്തവരല്ല എൽഡിഎഫുകാർ. പ്രതിപക്ഷ നേതാവിന്  'ഗാന്ധിയൻ മാർഗ'മാണെങ്കിലും അങ്ങനെയല്ലാത്തവർ ഈ പ്രക്ഷോഭത്തിൽ അവരുടെ കൂടെയുണ്ടല്ലോ. മുദ്രാവാക്യം കേട്ടാൽ അത് വ്യക്തമാണ്. ഒരിക്കൽ 'കത്തിക്കും കത്തിക്കും പച്ചയ്ക്ക് കത്തിക്കും, പിണറായി വിജയാ സൂക്ഷിച്ചോ '  എന്നു വിളിച്ചവരും ഇവരുടെ കൂട്ടത്തിലുണ്ടല്ലോ. പ്രവാചക നിന്ദക്കെതിരെ ഒരു പ്രതിഷേധവും പ്രകടിപ്പിക്കാൻ തയാറാവാതിരുന്ന മുസ്ലിം ലീഗ് ഒരു പ്രതിയുടെ മാറിമാറിപ്പറയുന്ന മൊഴിയുടെ പേരിൽ മുഖ്യമന്ത്രിക്കെതിരെ പ്രക്ഷോഭം നടത്തുകയാണ്.
പിന്നെ പ്രതിരോധിക്കൽ. അതറിയാത്തവരല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി. പക്ഷേ പ്രതിരോധം പോലും അക്രമാസക്തമാകാൻ പാടില്ല. കാരണം, ജനങ്ങൾക്ക് സ്വൈരജീവിതം ഉറപ്പു വരുത്തേണ്ടത് ഗവണ്മെന്റാണ്. ഇതിന്റെ ഭാഗമായി, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭീഷണിയുള്ള ഘട്ടത്തിൽ സംരക്ഷണം നൽകേണ്ടത് സ്റ്റേറ്റിന്റെ ബാധ്യതയാണ്. അത് ഇപ്പോൾ തൽക്കാലം ജനങ്ങളെ ഏൽപ്പിക്കാൻ പറ്റില്ല. സി പി ഐ എമ്മിനെയും എൽ ഡി എഫ് സർക്കാരിനെയും ഇല്ലാതാക്കാൻ പിണറായിയെ ഇല്ലാതാക്കുക എന്നത് വർഗ്ഗശത്രുക്കളുടെ ഒരു ലക്ഷ്യമാണ്. പ്രവാചകനിന്ദ എന്ന പ്രശ്നത്തെ ഉപയോഗപ്പെടുത്തി തീവ്രവാദികളടക്കം രംഗത്തുവരുമെന്ന്   രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന പിണറായി വിജയനെപ്പോലുള്ള നേതാക്കൾക്കെതിരെ ഇത്തരം ശക്തികളിൽ നിന്ന്  ആക്രമണമുണ്ടാകാം എന്ന ഉത്തരവാദപ്പെട്ട  ഏജൻസികളുടെ മുന്നറിയിപ്പ് കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ സുരക്ഷ  ശക്തിപ്പെടുത്തിയത്. ഇതറിയാത്തവരല്ല പ്രതിപക്ഷ നേതാവും ബി ജെ പി നേതാക്കളും. എന്നിട്ടും എന്തിനാണ് സുരക്ഷ എന്ന് ഇവർ  ചോദിക്കുന്നതെന്നത്  കേരളീയ സമൂഹം തിരിച്ചറിയും. പ്രതിപക്ഷനേതാവും കേന്ദ സഹമന്ത്രിയും ഒരു  സുരക്ഷാ ഭീഷണിയുമില്ലാത്ത  സാഹചര്യത്തിൽ പോലും സഞ്ചരിക്കുന്നത് ഗവണ്മെന്റ് സംവിധാനത്തിലും  പ്രത്യേക സുരക്ഷയിലുമാണല്ലോ.  
പിണറായിക്കെതിരെ പ്രത്യേക അജണ്ട തയാറാക്കി പ്രവർത്തിക്കുന്നവർ ജനങ്ങൾക്കുമുന്നിൽ കൂടുതൽ പരിഹാസ്യരാവുകയാണ്. വരും ദിവസങ്ങളിൽ ഇവരുടെ പ്രവർത്തനത്തിന്റെ ഭീകരരൂപം പൊതുസമൂഹത്തിന് ബോധ്യപ്പെടും. അപ്പോൾ വി ഡി സതീശന് അത് ശരിക്ക് മനസ്സിലാകും. ഈ പരിഹാസ്യമായ പരിപാടി തയാറാക്കിയവർ അത്  നേരത്തേ മനസ്സിലാക്കിയിട്ടുണ്ട് എന്നത് മറ്റൊരു കാര്യം. ഈ ഗൂഢാലോചന ആര് തയാറാക്കി, എവിടെ തയാറാക്കി, ആർക്കുവേണ്ടി ആസൂത്രണം ചെയ്തു, ആരെ ഉന്നം വെച്ചു കൊണ്ടാണ് എന്നൊക്കെ കേരളത്തിലെ ജനങ്ങൾക്ക് നന്നായിട്ടറിയാം. 
 മുഖ്യമന്ത്രിക്കെതിരായി മൊഴി കൊടുക്കാൻ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മർദ്ദം ചെലുത്തുന്നുവെന്ന് പറഞ്ഞ വ്യക്തി തന്നെയാണല്ലോ ഇപ്പോൾ തികച്ചും വിരുദ്ധമായ മൊഴിയുമായി ഇറങ്ങിയിരിക്കുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 164 -ാം വകുപ്പ് പ്രകാരം മുമ്പ് സ്വപ്ന  മൊഴി കൊടുത്തിട്ടുണ്ടല്ലോ.അതിൽ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പരിപൂർണമായും ഒഴിവാക്കിയിരുന്നല്ലോ. ഇപ്പോൾ എന്തുകൊണ്ടാണ് സ്വപ്ന അതിൽനിന്നും പൂർണമായും മാറാൻ നിർബന്ധിക്കപ്പെട്ടത്? ഇവർക്ക് അന്നവും വെള്ളവും കൊടുക്കുന്ന ഒരു കേന്ദ്രമുണ്ട്. ആ കേന്ദ്രത്തെ  അവർക്ക് മറക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാം.  ആ കേന്ദ്രത്തിലേക്ക് എങ്ങനെയാണ് അവർ  വന്നുപെട്ടതെന്നും കേരളീയർക്കറിയാം. 
 സ്വർണം ഖുർ ആനിലും ഈത്തപ്പഴത്തിലുമായിരുന്നല്ലോ ആദ്യം. അത് പൊളിഞ്ഞല്ലോ. ബിരിയാണിച്ചെമ്പിൽ സ്വർണം കടത്തിയ കഥ ആദ്യം ഉണ്ടായിരുന്നില്ലല്ലോ. ബിരിയാണിചെമ്പിന്റെ കഥ ആരുണ്ടാക്കിയതാണ്, എന്തിനു വേണ്ടിയിട്ടാണ് എന്നുള്ളത് പൊതുസമൂഹം ഇപ്പോൾ ചർച്ച ചെയ്യുകയാണ്. ഇത്രത്തോളം പരിഹാസ്യമായ ഒരു 164  നിയമചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ആദ്യം കൊടുത്ത 164 ന്  കടകവിരുദ്ധമായിട്ടാണ് രണ്ടാമത്തെ 164 . ഒരിക്കൽ 164  അനുസരിച്ച് മൊഴികൊടുത്താൽ അതിൽ ഉറച്ചുനിൽക്കണം. കേസിന്റെ ഇടയിൽ വിട്ടുപോയതോ പുതുതായി കണ്ടതോ ആയ വസ്തുത കോടതി മുമ്പാകെ കൊണ്ടുവരുന്നതിനാണ് 164 പ്രകാരം   മൊഴി കൊടുക്കുന്നത്. അത് മാറ്റിപ്പറയാൻ കഴിയില്ല. ആദ്യം കൊടുത്ത 164  മൊഴിയുടെ ഉള്ളടക്കത്തെ മൊത്തം തള്ളിപ്പറഞ്ഞുകൊണ്ട് രണ്ടാമത്തെ 164  മൊഴി. ഇത് അത്ഭുതകരമാണ്. ഇവരെ സമ്മർദ്ദത്തിലാക്കി, നിർബന്ധിച്ച്, ഭീഷണിപ്പെടുത്തി നടത്തിയ ഒരു 164  മൊഴി എന്നതിനപ്പുറം സ്വമേധയാ കൊടുത്തതാണെന്ന് ഒരാൾക്കും തോന്നില്ല. അതുകൊണ്ടാണ് ആദ്യം കൊടുത്ത മൊഴിയിൽ നിന്ന് അവർ മാറാൻ നിർബന്ധിക്കപ്പെട്ടത്. സ്വർണക്കടത്ത് കേസിലെ ഒരു പ്രധാന പ്രതി മാറിമാറി പറയുന്ന  മൊഴിയെ അടിസ്ഥാനപ്പെടുത്തി ഒരു പ്രക്ഷോഭത്തിന് പ്രതിപക്ഷവും ബി ജെ പിയും എന്തിന്റെ അടിസ്ഥാനത്തിലാണ് തയാറായത്? 
 കേന്ദ്ര ഏജൻസികളെയെല്ലാം പിണറായി ഉപയോഗപ്പെടുത്തിയത് കൊണ്ടാണ് പിണറായിക്കെതിരെ കേസ് നീങ്ങാതിരുന്നതെന്ന് ബി ജെ പി നേതാക്കൾ  പറയുന്നു. ആ ബി ജെ പിയുടെ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കുമല്ലേ അതിന്റെ നാണക്കേട്?  സ്വർണക്കേസിന്റെ ആരംഭത്തിൽ തന്നെ അതിനെ അട്ടിമറിക്കാൻ ശ്രമിച്ചവർ ആരാണ്? ഡിപ്ലോമാറ്റിക് ചാനലിലൂടെയല്ല ബാഗേജ് വന്നതെന്ന് പറഞ്ഞത് ആരാണ്? ഇവരെ രക്ഷിക്കാൻ വേണ്ടി എയർ പോർട്ടിൽ ഇടപെട്ട ട്രേഡ് യൂണിയൻ നേതാവ് ആരായിരുന്നു? ന്യൂസ് ചാനൽ വക്താവ് ആരായിരുന്നു? ബി ജെ പിക്കും ആർ എസ്  എസിനുമെതിരെ നീങ്ങുന്ന ഘട്ടത്തിലാണല്ലോ കേസിന്റെ ദിശ മാറിയത്. പ്രധാനപ്പെട്ട  അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയത്. ഇത്രയും പൊളിഞ്ഞുപോയ കേസിന് ജീവൻ കൊടുത്ത്  മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ  കുടുംബത്തിലേക്കും കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിയമവ്യവസ്ഥയുള്ള ഒരു രാജ്യത്ത് അത് നടക്കില്ല. ഇതിനെ ശക്തമായി ജനങ്ങൾ നേരിടും. 
 തൃക്കാക്കര തെരഞ്ഞെടുപ്പോടെ പിണറായിയുടെ കൗണ്ട് ഡൗൺ   ആരംഭിച്ചുകഴിഞ്ഞുവെന്ന് ഒരു നേതാവ് പറഞ്ഞു. ശരിക്ക് ബിജെപിയുടെ കൗണ്ട്ഡൗണാണ്   ആരംഭിച്ചത്.  25000  വോട്ട് പ്രതീക്ഷിച്ചിടത്ത് 12500  വോട്ട് മാത്രമേ അവർക്ക് കിട്ടിയുള്ളൂ. രാജ്യത്ത്  സംഭവിക്കുന്ന കാര്യങ്ങൾ അത്ര സുഖകരമല്ലല്ലോ.
ശക്തമായ പ്രതിസന്ധിയും വെല്ലുവിളിയും ഉണ്ടാകുമ്പോൾ അതിനെ അതിജീവിക്കുന്നതിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന നേതാവാണ്   പിണറായി വിജയൻ. അദ്ദേഹം അത്തരം ഘട്ടങ്ങളിൽ മയങ്ങിപ്പോകാറില്ല. പിണറായി വിജയൻ ഒരു തൊട്ടാവാടിയല്ല. പ്രതിസന്ധികളിൽ നിന്ന് പോസിറ്റീവ് എനർജി ആർജിച്ച്  പതിന്മടങ്ങ്   ശക്തിയോടെ അദ്ദേഹം  എതിരാളികളെ നേരിടും.  അതാണ് പിണറായിയുടെ  രാഷ്ട്രീയജീവിതം എന്നുകൂടി മനസ്സിലാക്കുന്നത് നല്ലതാണ്.

മുഖ്യമന്ത്രി പൊതുശല്യം; ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയെന്ന് രമേശ് ചെന്നിത്തല

'മുഖ്യമന്ത്രിയേ ആക്രമിക്കാൻ ഗൂഢാലോചന', സുരക്ഷ കൂട്ടിയത് കൃത്യമായ സൂചന കിട്ടിയത് കൊണ്ടെന്ന് ശിവന്‍കുട്ടി

Latest Videos
Follow Us:
Download App:
  • android
  • ios