Asianet News MalayalamAsianet News Malayalam

ടിപിആര്‍ പത്തിന് താഴെയെത്തി; സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും

കടകൾ തുറക്കുന്നതിന് സമയം നീട്ടി നൽകാനിടയുണ്ട്. നിലവിൽ 7 മണി വരെ മാത്രം പ്രവർത്തിക്കാനനുമതി നൽകുന്നത് ഹോട്ടലുകളടക്കം കടയുടമകൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്

Pinarayi vijayan may announce more covid relaxations
Author
Trivandrum, First Published Jun 22, 2021, 6:41 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും താഴെയെത്തിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം ചേരും. 72 ദിവസങ്ങൾക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെയെത്തിയത്. ഒന്നരലക്ഷം വരെയെത്തിയിരുന്ന പരിശോധനകൾ പകുതിയായി കുറഞ്ഞപ്പോഴും ഇത് കൂടിയതുമില്ല. പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ഇളവുകൾ വരുന്നതോടെ വ്യാപനം കൂടുമെന്ന ആശങ്കയുണ്ടായെങ്കിലും ഇതുണ്ടായില്ല. 

30ന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുണ്ടായിരുന്ന പഞ്ചായത്തുകൾ 25ൽ നിന്ന് 16 ആയിക്കുറഞ്ഞു. പൂർണമായും തുറന്ന സ്ഥലങ്ങളിൽ ഇളവുകളുള്ളപ്പോഴും വ്യാപനം കൂടിയിട്ടുമില്ല. കൂടുതൽ സ്ഥലങ്ങള്‍ ഇളവുകൾ കൂടുതലുള്ള എ-ബി വിഭാഗങ്ങളിലേക്ക് മാറും. ബസ് സർവീസടക്കം അന്തർജില്ലാ യാത്രകൾക്ക് പുതിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകിയേക്കും. 

കടകൾ തുറക്കുന്നതിന് സമയം നീട്ടി നൽകാനിടയുണ്ട്. നിലവിൽ 7 മണി വരെ മാത്രം പ്രവർത്തിക്കാനനുമതി നൽകുന്നത് ഹോട്ടലുകളടക്കം കടയുടമകൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇത് നീട്ടി നൽകണമെന്ന ആവശ്യം ശക്തമാണ്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുമോയെന്നതും നിർണായകം. തട്ടുകളുടെ അനുമതിയും പ്രധാനം. ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാനാണ് സാധ്യത. 

എല്ലാ വിഭാഗങ്ങളും ഒരുമിച്ച് ആവശ്യം ശക്തമാക്കിയ സാഹചര്യത്തിലാണിത്. നിശ്ചിത സമയത്ത് നിശ്ചിത ആളുകൾക്ക് പ്രവേശനം നൽകുന്നതാകും പരിഗണിക്കുക. എന്നാൽ തിയേറ്ററുകൾ ജിമ്മുകൾ, മാളുകൾ എന്നിവ ഈ ഘട്ടത്തിലും തുറക്കാനിടയില്ല. മൂന്നാം തരംഗ മുന്നറിയിപ്പ് ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ കരുതലോടെ മാത്രമേ തീരുമാനമുണ്ടാകൂ. ഇളവുകൾ നൽകിയതിന്‍റെ ഫലം കണ്ടുതുടങ്ങാൻ ആഴ്ച്ചകളെെടുക്കും എന്നതിനാലാണ് ഇത്.


 

Follow Us:
Download App:
  • android
  • ios