തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ കെ-ഫോണ്‍ പദ്ധതിക്കെതിരെ അന്വേഷണം വ്യാപിപ്പിക്കുവാന്‍ കേന്ദ്ര ഏജന്‍സികള്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 52000 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ പാകി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്നാണ് കെ ഫോണ്‍ പദ്ധതിയിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പദ്ധതിക്ക് തുരങ്കം വെക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

ജനങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനുള്ള പദ്ധതി ജനങ്ങള്‍ക്ക് എത്രത്തോളം ഗുണം ചെയ്യും എന്ന് അറിയുമ്പോഴാണ് ഈ പദ്ധതിക്ക് ഇടങ്കോലിടാനുള്ള ശ്രമങ്ങള്‍ എങ്ങനെ ജനങ്ങളെ ബാധിക്കും എന്ന് മനസിലാകുക. ഇന്‍റര്‍‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ ഗുണമേന്‍മയുള്ള ഇന്‍റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് കെ-ഫോണ്‍. 

"

കെ ഫോണിന്‍റെ കേബിള്‍ ശൃംഖല ഉപയോഗിച്ച് സര്‍ക്കാറുമായി കരാര്‍ ഉണ്ടാക്കി ഏതൊരു സേവനദാതാവിനും ഇന്‍റര്‍നെറ്റ് നല്‍കാന്‍ സാധിക്കും. കെ-ഫോണ്‍ എന്നത് ഒഎഫ്സി ശൃംഖലയാണ്. അത് കൊണ്ട് കെ ഫോണിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നെ പറയാനുള്ളൂ, എന്തൊക്കെ തടസം നേരിട്ടാലും കെഫോണ്‍ നടപ്പിലാക്കിയിരിക്കും. അതുവഴി സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കും-  മുഖ്യമന്ത്രി പറഞ്ഞു.