കണ്ണിന് നടത്തിയ തിമിര ചികിത്സയെ തുടർന്ന് ഇനി കണ്ണട ഉപയോഗിക്കേണ്ടെന്ന് ഡോക്ടർ നിർദേശിച്ചതായി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ നിപ പ്രതിരോധത്തിൽ സർക്കാരിന് പാളിച്ച പറ്റിയെന്നും ആരോഗ്യമന്ത്രിയും വകുപ്പും തമ്മിൽ ഏകോപനമില്ലെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം: ഇന്ന് വാർത്താ സമ്മേളനത്തിൽ പതിവിൽ നിന്ന് വിപരീതമായി കണ്ണട ധരിക്കാതെയൊണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എത്തിയത്. കണ്ണട ഉപേക്ഷിച്ചോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ചിരിച്ചു കൊണ്ടാണ് പിണറായി വിജയൻ മറുപടി പറഞ്ഞത്. ഈയിടക്ക് കണ്ണിന് തിമിരത്തിന് ചികിത്സ നടത്തിയെന്നും അതിന് ശേഷം കണ്ണടയില്ലാതെ വായിക്കാൻ ബുദ്ധിമുട്ട് തോന്നിയില്ലെന്നും പിണറായി വിജയൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ടപ്പോൾ ഇനി കണ്ണട ഉപയോഗിക്കേണ്ടെന്ന് പറഞ്ഞതായും അത് കൊണ്ടാണ് വക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, സംസ്ഥാനത്ത് നിപ പ്രതിരോധം പാളിയെന്ന് ആവർത്തിച്ച് പ്രതിപക്ഷം. നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രിയും വകുപ്പും ജില്ലാഭരണകൂടവും തമ്മിൽ ഏകോപനമില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ഉത്തരവാദിത്തപ്പെട്ടവർക്ക് ഇടയിൽ പോലും ആശയക്കുഴപ്പമുണ്ട്. നിപയെ കേരളം ഒറ്റക്കെട്ടായി നിന്നാണ് പ്രതിരോധിക്കേണ്ടത്. അന്നത്തെ പ്രതിപക്ഷത്തെ പോലെ നിപയെ സിപിഎം രാഷ്ട്രീയ ആയുധമാക്കില്ല.
ആരോഗ്യ മന്ത്രിയും വകുപ്പും ജില്ലാ ഭരണകൂടവും തമ്മിൽ ഏകോപനമില്ലെന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും. നിപ ബാധ മേഖലയിൽ മന്ത്രി ക്യാമ്പ് ചെയ്തായിരുന്നു ഇടത് സർക്കാർ കാലത്തെ ഏകോപനം. ഇന്ന് ജാഗ്രത എവിടെയും കാണുന്നില്ല. ഉത്തരവാദിത്തപ്പെട്ട വിഷയത്തിൽ മന്ത്രി മുൻകയ്യെടുക്കണം. നിപ കൺട്രോൾ റൂം ജനപ്രതിനിധികൾ അകന്ന് നിൽക്കേണ്ട സ്ഥലം അല്ല.
നിപയുടെ അതിഗൗരവ സാഹചര്യത്തിൽ ഡിഎച്ച്എസിനെ മാറ്റാൻ നടപടിയുണ്ടായത് ഗൗരവം കണക്കിലെടുക്കാത്ത നടപടിയാണ്. സാധാരണ നിലയിൽ നടക്കുന്ന സംഗതിയല്ല. സിസ്റ്റത്തോട് നിസ്സഹകരണം കാരണമെന്നാണ് മന്ത്രി പറയുന്നത്. സിസ്റ്റം നടപ്പാക്കാൻ ശ്രമിച്ചതാണ് അവർ , അത് മന്ത്രിയും വകുപ്പും കണക്കിലെടുത്തില്ലെന്നും പറഞ്ഞു.


