തിരുവനന്തപുരം: ടൈറ്റാനിയം കേസ് ഏറ്റെടുക്കേണ്ടതില്ലെന്ന സിബിഐ നിലപാട് ആശ്ചര്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടക്കാഞ്ചേരി ലൈഫ് മിഷൻ വിഷയത്തിൽ അനിൽ അക്കരെ എംഎൽഎ ആവശ്യപ്പെട്ട ഉടനെ സിബിഐ കേസ് അതേറ്റെടുത്തു. ടൈറ്റാനിയം കേസിൽ സംസ്ഥാന സർക്കാരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

വിദേശത്തുള്ള ചിലകാര്യങ്ങളിൽ തെളിവെടുക്കേണ്ടതുള്ളതിനാലാണ് സിബിഎ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ സിബിഐ ആശ്ചര്യകരമായ നിലപാടാണ് സ്വീകരിച്ചത്. അത് സാധാരണ ഗതിയിൽ സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്ന കാര്യമല്ല. സിബിഐ ഏറ്റെടുത്താലേ അത് കൂടുതൽ വിശദമായി അന്വേഷിക്കാനാവൂ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഏതെങ്കിലും കേസ് സംസ്ഥാന സർക്കാർ രാഷ്ട്രീയം നോക്കി എടുക്കുന്നില്ല. ആക്ഷേപങ്ങൾ വരുമ്പോൾ അതിന്റെ ഭാഗമായി പരിശോധന നടത്തി കേസെടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.