Asianet News MalayalamAsianet News Malayalam

പൊതിച്ചോറിലെ 'കോടി രൂപ'യുടെ മൂല്യമുള്ള നൂറ് രൂപ നോട്ട്; മേരി ഏവർക്കും പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി

നേരത്തെ കാറ്ററിംഗ് തൊഴിലാളിയായിരുന്നു മേരി. എന്നാല്‍ ലോക്ക്ഡൗണില്‍ കാറ്ററിംഗ് പരിപാടികള്‍ നിലച്ചു. ഇതോടെ തൊഴിലുറപ്പിന് പോയായിരുന്നു മേരിയുടെ കുടുംബം മുന്നോട്ട് പോയിരുന്നത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ മേരിയുടെ ഭര്‍ത്താവിനും ജോലിയില്ലാത്ത സ്ഥിതിയായിരുന്നു. 

pinarayi vijayan praises women who kept money in food packet
Author
Kumbalangi, First Published Aug 11, 2020, 7:13 PM IST

കുമ്പളങ്ങി: ചെല്ലാനത്ത് ദുരിതം അനുഭവിക്കുന്നവർക്ക് പൊലീസ് നൽകിയ ഭക്ഷണ പൊതിയിൽ 100 രൂപ വച്ച കുമ്പളങ്ങി സ്വദേശി മേരിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മേരി കാട്ടിയത് മാതൃകയാണെന്നും ഇത് ഏവർക്കും പ്രചോദമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

"തനിക്ക് തൊഴിലുറപ്പിലൂടെ ലഭിച്ച 100 രൂപ വച്ച് കുമ്പളങ്ങി സ്വദേശി മേരി കാട്ടിയത് മാതൃക. കഷ്ടപ്പാട് അനുഭവിക്കുന്നവർക്കായി തന്‍റെ അധ്വാനത്തിന്‍റെ പങ്ക് മാറ്റിവച്ചു. ഇത് ഏവർക്കും പ്രചോദനമാകട്ടെ" മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

രണ്ട് ദിവസം മുമ്പാണ് കണ്ണമ്മാലി ഇന്‍സ്പെക്ടര്‍ പിഎസ് ഷിജുവിന്‍റെ നിർദ്ദേശപ്രകാരം കുമ്പളങ്ങിയിലും പരിസര പ്രദേശങ്ങളിലും നിന്ന് ഭക്ഷണ പൊതികൾ എത്തിച്ചത്. ഓരോ വീടുകളില്‍ നിന്നും അഞ്ചും പത്തും പൊതികളായിരുന്നു ശേഖരിച്ചിരുന്നത്. പ്രദേശവാസികൾക്ക് നൽകാനായി കണ്ണമാലി സ്റ്റേഷനിൽ പൊതികൾ എത്തിച്ചു.  ഇതിൽ എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടെന്നറിയാന്‍ അനില്‍ ആന്റണി എന്ന പൊലീസുകാരന്‍ പൊതി തുറന്നപ്പോഴായിരുന്നു കാരുണ്യത്തിന്‍റെ കൈനീട്ടം പോലെ നൂറ് രൂപ നോട്ട് കണ്ടത്.

പിന്നാലെ മേരിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയും ചെയ്തു. തൊഴിലുറപ്പിന് പോയി കിട്ടിയ പണത്തിൽ നിന്നും നൂറ് രൂപയും ചേര്‍ത്താണ് ഭക്ഷണപ്പൊതി തയ്യാറാക്കിയത്. നേരത്തെ കാറ്ററിംഗ് തൊഴിലാളിയായിരുന്നു മേരി. എന്നാല്‍ ലോക്ക്ഡൗണില്‍ കാറ്ററിംഗ് പരിപാടികള്‍ നിലച്ചു. ഇതോടെ തൊഴിലുറപ്പിന് പോയായിരുന്നു മേരിയുടെ കുടുംബം മുന്നോട്ട് പോയിരുന്നത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ മേരിയുടെ ഭര്‍ത്താവിനും ജോലിയില്ലാത്ത സ്ഥിതിയായിരുന്നു. ഈ അവസ്ഥയിലാണ് സമാന നിലയിലുള്ള വീടുകളിലേക്ക് തന്നെക്കൊണ്ട് കഴിയുന്ന ചെറിയ സഹായമെത്തിക്കാന്‍ മേരി ശ്രമിച്ചത്. 

Read Also: ചെല്ലാനത്തുകാര്‍ക്കുള്ള പൊതിച്ചോറില്‍ 'കോടി രൂപ'യുടെ മൂല്യമുള്ള നൂറ് രൂപ വച്ചയാളെ കണ്ടെത്തി

Follow Us:
Download App:
  • android
  • ios