കുമ്പളങ്ങി: കടലാക്രമണത്തിനും കൊവിഡ് വ്യാപനത്തിനുമിടയിലാണ് ചെല്ലാനത്തുകാർ. തീരത്ത് ദുരിതം അനുഭവിക്കുന്ന ഇവർക്കായുളള ഭക്ഷണപ്പൊതിയിൽ  ചെറിയ ഒരു സമ്മാനം ഒളിപ്പിച്ചു വെച്ചയാളെയായിരുന്നു സമൂഹമാധ്യമങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നത്. ഒടുവില്‍ പൊതിച്ചോറിനൊപ്പം നൂറുരൂപ പൊതിഞ്ഞ് വച്ചയാളെ കണ്ടെത്തി, കുമ്പളങ്ങി സ്വദേശി മേരിയായിരുന്നു ഈ വലിയ മനസിന് പിന്നില്‍.  ഒരു നേരത്തെ ചോറിനപ്പുറമായിരുന്നു മേരിയുടെ കരുതൽ. തൊഴിലുറപ്പിന് പോയി കിട്ടിയ പണത്തിൽ നിന്നും നൂറ് രൂപയും ചേര്‍ത്താണ് ഭക്ഷണപ്പൊതി തയ്യാറാക്കിയത്. 

പൊതിച്ചോറിലെ കറികൾക്കിടയിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ് കോടി രൂപയുടെ മൂല്യമുള്ള 100 രൂപ!

നോട്ട് മുഷിയാതിരിക്കാൻ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കെട്ടി. തൻറെ പൊതി തുറക്കുന്നവര്‍ക്ക് ചെറിയൊരു സന്തോഷം ഉണ്ടാകട്ടെ എന്ന് മാത്രമായിരുന്നു പൊതിച്ചോറ് തയ്യാറക്കുമ്പോള്‍ മേരിയുടെ മനസിലുണ്ടായിരുന്നത്. കണ്ണമാലി സര്‍ക്കിൾ ഇൻസ്പെക്ടറിലൂടെയാണ് മേരിയുടെ ഈ സന്മനസ് മറ്റുള്ളവർ അറിഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ പ്ലാസ്റ്റിക കവറിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ കണ്ട നൂറ് രൂപ വൈറലായി. ഇത് ചെയ്തത് ആരാണെന്നായി അന്വേഷണം. ഇതോടെയാണ് പൊതിച്ചോറി ശേഖരിച്ച ഇടങ്ങളിലേക്ക് അന്വേഷണം നീണ്ടത്. കരുതലിന് പിന്നിൽ മേരിയാണെന്ന് വാര്‍ഡ് മെമ്പർ മുഖേനയാണ് പൊലീസ് അറിഞ്ഞത്.

നല്ല മനസിന് പിന്തുണയുമായി വൈകാതെ പൊലീസ് മേരിയുടെ വീട്ടിലെത്തി. കൊവിഡ് വ്യാപനത്തോടെ മേരിയുടെ ഭര്‍ത്താവ് സെബാസ്റ്റ്യന് ജോലിയില്ല. കുടുംബം കടുത്ത ദാരിദ്രത്തിലും. എങ്കിലും ഇനിയും തന്നാൽ കഴിയുന്ന രീതിയിൽ ആളുകളെ സഹായിക്കുമെന്നാണ് മേരി പറയുന്നത്. വെള്ളം കയറുന്ന ഭീഷണിയുള്ള സ്ഥലത്താണ് മേരിയുടെ വീടുമുള്ളത്. നേരത്തെ കാറ്ററിംഗ് തൊഴിലാളിയായിരുന്നു മേരി. എന്നാല്‍ ലോക്ക്ഡൌണില്‍ കാറ്ററിംഗ് പരിപാടികള്‍ നിലച്ചു. ഇതോടെ തൊഴിലുറപ്പിന് പോയായിരുന്നു മേരിയുടെ കുടുംബം മുന്നോട്ട് പോയിരുന്നത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ മേരിയുടെ ഭര്‍ത്താവിനും ജോലിയില്ലാത്ത സ്ഥിതിയായിരുന്നു. ഈ അവസ്ഥയിലാണ് സമാന നിലയിലുള്ള വീടുകളിലേക്ക് തന്നെക്കൊണ്ട് കഴിയുന്ന ചെറിയ സഹായമെത്തിക്കാന്‍ മേരി ശ്രമിച്ചത്. 

 

കഴിഞ്ഞ ദിവസമായിരുന്നു കണ്ണമ്മാലി ഇന്‍സ്പെക്ടര്‍ പിഎസ് ഷിജുവിന്‍റെ നിർദ്ദേശപ്രകാരം കുമ്പളങ്ങിയിലും പരിസര പ്രദേശങ്ങളിലും നിന്ന് ഭക്ഷണ പൊതികൾ എത്തിച്ചത്. ഓരോ വീടുകളില്‍ നിന്നും അഞ്ചും പത്തും പൊതികളായിരുന്നു ശേഖരിച്ചിരുന്നത്. പ്രദേശവാസികൾക്ക് നൽകാനായി കണ്ണമാലി സ്റ്റേഷനിൽ പൊതികൾ എത്തിച്ചു.  ഇതിൽ എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടെന്നറിയാന്‍ അനില്‍ ആന്റണി എന്ന പൊലീസുകാരന്‍ പൊതി തുറന്നപ്പോഴാണ് കാരുണ്യത്തിന്‍റെ കൈനീട്ടം പോലെ നൂറ് രൂപ നോട്ട് കണ്ടത്. ചോറിലും കറികളിലും പറ്റിപ്പിടിക്കാതെ പ്ലാസ്റ്റിക് കവറില്‍ ഭദ്രമായിട്ടായിരുന്നു രൂപ വച്ചിരുന്നത്.