Asianet News Malayalam

മലപ്പുറം, കാസര്‍കോട് സ്വദേശികള്‍ക്ക് കൊവിഡ്; പതിനാല് പേര്‍ക്ക് രോഗമുക്തി

ഇതുവരെ 497 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 111 പേർ ചികിത്സയിലുണ്ട്. 20711 പേർ നിരീക്ഷണത്തിലുണ്ട്.

pinarayi vijayan press meet detailing current covid situation of kerala
Author
Trivandrum, First Published Apr 30, 2020, 5:01 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട്  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ്. മറ്റൊരാള്‍ക്ക് രോഗം ലഭിച്ചത് സമ്പര്‍ക്കം വഴിയാണ്. അതേസമയം പതിനാല് പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തരായി. 

പാലക്കാട് - 4 കൊല്ലം -3 , കണ്ണൂർ - 2, കാസർകോട് - 2, പത്തനംതിട്ട -1, മലപ്പുറം -1 , കോഴിക്കോട് -1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ കണക്കുകള്‍. ഇതുവരെ 497 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 111 പേർ ചികിത്സയിലുണ്ട്. 20711 പേർ നിരീക്ഷണത്തിലുണ്ട്. 20285 പേർ വീടുകളിലും 426 പേർആശുപത്രിയിലും കഴിയുന്നു. ഇന്നു 95 പേരെ ആശുപത്രിയിലാക്കി. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഇതുവരെ 25973 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 20135 എണ്ണം നെഗറ്റീവായി. മുൻഗണനാ വിഭാഗത്തിൽപ്പെട്ട 1508 സാംപിളുകളാണ് പ്രത്യേകം ശേഖരിച്ചത്. അതിൽ 897ഉം നെഗറ്റീവാണ്. കണ്ണൂരിലാണ് കൂടുതൽ പേർ നിലവിൽ ചികിത്സയിലുള്ളത് 47 പേർ. കോട്ടയം 18 ഇടുക്കി 14 കൊല്ലം 12 കാസർകോട് 9 കോഴിക്കോട് 4 മലപ്പുറം,തിരുവനന്തപുരം രണ്ട് വീതം. പത്തനംതിട്ട, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾ വീതം ചികിത്സയിലുണ്ട്. 

തിരുവനന്തപുരത്തെ നെയ്യാറ്റികര മുൻസിപ്പാലിറ്റിയെ ഇന്ന് ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി, കൊല്ലത്തെ ഓച്ചിറ,തൃക്കോവിലോട്ടം, കോട്ടയത്തെ ഉദയാന്നാപുരം പഞ്ചായത്തും പുതുതായി ഹോട്ട് സ്പോട്ട് പട്ടികയിലേക്ക് ചേർത്തു. ഇങ്ങനെ സംസ്ഥാനത്ത് ആകെ 70 ഹോട്ട് സ്പോട്ടുകളുണ്ട്. 

കണ്ണൂരിൽ സ്പെഷ്യൽ ട്രാക്കിംഗ് ടീം പ്രവർത്തിക്കുന്നു. ഒരോ ഇരുപത് വീടുകളുടേയും ചുമതല രണ്ട് പൊലീസുകാർക്ക് വീതം നൽകിയിരിക്കുകയാണ്. വിദേശത്ത് നിന്നും വന്ന ആൾക്കാരുടെ നിരീക്ഷണകാലവധി കഴിഞ്ഞിട്ടുണ്ട്. അവരിൽ പരിശോധന നടത്തേണ്ടവരിൽ നിന്നും സാംപിൾ ശേഖരിക്കും.

പൊതുനിരത്തിൽ മാസ്ക് ധരിക്കുന്നത് ഇന്നു മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് വൈകിട്ട് നാല് വരെ സംസ്ഥാനത്ത് 954 കേസുകൾ എടുത്തിട്ടുണ്ട്. കാസർകോട് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നിയന്ത്രണം നൽകുന്ന ജില്ലാ കളക്ടർ സജിത്ത് ബാബു, ഐജിമാരായ അശോക് യാദവ്, വിജയ് സാക്കറെ എന്നിവർ കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമപ്രവർത്തകനുമായി ഇവർ സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് ഇത്. 

കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കേസുകൾ വന്ന സാഹചര്യത്തിൽ  കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ നിയന്ത്രണം കർശനമാക്കി. ജില്ല ദുരന്തനിവരാണ അതോറിറ്റിയുമായി ആലോചിച്ച് നിയന്ത്രണം നടപ്പാക്കാനാണ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹോട്ട് സ്പോട്ട് മേഖലകളിലേക്കുള്ള പ്രവേശനം ഒറ്ററോഡിലൂടെ മാത്രമായിരിക്കും. 

കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരെ ടെലിഫോണിലൂടെ വിളിച്ച് സുഖാന്വേഷണം നടത്തുന്നുണ്ട്. ലോക്ക് ഡൗണ്‍ തുടങ്ങിയ  3.54 വീടുകളിൽ പൊലീസ് തന്നെ സന്ദർശനം നടത്തുകയോ ഫോണിലൂടെ വിളിക്കുകയോ ചെയ്തിട്ടുണ്ട്. ഇതു കൂടാതെ ആരോഗ്യപ്രവർത്തകരും നിരീക്ഷണത്തിലുള്ളവരെ ബന്ധപ്പെടുന്നു. 

അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്ന കാര്യത്തിൽ കേന്ദ്രനിർദേശം അവരെ ബസിൽ മടക്കി അയക്കണം എന്നാണ്. എന്നാൽ കേരളത്തിലുള്ള അതിഥി തൊഴിലാളികളുടെ കാര്യത്തിൽ ഇതു പ്രായോഗികമല്ല. അതിനാൽ അവർക്കായി സെപ്ഷ്യൽ നോണ് സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ 3.60 ലക്ഷം അതിഥി തൊഴിലാളികളാണുള്ളത്. അവരിൽ 20826 ക്യാംപുകളിലായാണ് ഇപ്പോൾ കഴിയുന്നത്. അവരിൽ മഹാഭൂരിപക്ഷവും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. ബംഗാൾ, ആസാം, ഒഡീഷ, ബീഹാർ, യുപി എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം തൊഴിലാളികളും. ഇവരെ മടക്കി കൊണ്ടു പോകാൻ പ്രത്യേക തീവണ്ടി തന്നെ വേണം എന്നു നേരത്തെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. ഇത്രയും പേരെ ഇത്രയും ദൂരം ബസിൽ കൊണ്ടു പോകുന്നത് പ്രായോഗികമല്ല. അതു രോഗവ്യാപനത്തിന് ഇടയാക്കും.

അതിനാലാണ് സ്പെഷ്യൽ ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി കത്തയച്ചിട്ടുണ്ട്. ശാരീരിക അകലം പാലിച്ചു വേണം ഇവരെ കൊണ്ടു പോകാൻ. ട്രെയിനിൽ പോയാൽ ഇവരെ സ്റ്റേഷനിൽ പരിശോധിച്ച ശേഷം മാത്രം യാത്ര ചെയ്യാൻ അനുവദിക്കാം. അവർക്കുള്ള ഭക്ഷണവും ട്രെയിനിൽ നൽകാം.

തൊഴിലാളികൾക്ക് മടങ്ങിപ്പോകാൻ കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ വേണ്ട തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ അവർക്കുള്ള ധൃതി അനാവശ്യ അപകടത്തിന് കാരണമാകരുത്. ഇക്കാര്യത്തിൽ പൊലീസും മറ്റു വകുപ്പുകളും ശ്രദ്ധയോടെ ഇടപെടണം. കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി പലയിടത്തും റോഡുകൾ അടച്ചിട്ടുണ്ട്. ഇതുകാരണം ആളുകൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയുണ്ട്. റെഡ് സോണിലും ഹോട്ട് സ്പോട്ടിലും ഈ അവസ്ഥയുണ്ട്. അതിനാലാണ് വീട്ടിലേക്കുള്ള ഭക്ഷ്യവസ്തുകൾ അടക്കം ഹോംഡെലിവറി ചെയ്യാം എന്ന് അറിയിച്ചത്. ഇതു ഫലപ്രദമായി നടപ്പാക്കണം ഇക്കാര്യത്തിൽ പൊലീസിൻ്റെ സഹായം ഉണ്ടാവും.

നമ്മുടെ നാട്ടിൽ അപ്രതീക്ഷിതമായ കേന്ദ്രങ്ങളിൽ നിന്നും രോഗബാധയുണ്ടാവുന്നു. ചരക്കുവണ്ടികളിലെ ജീവനക്കാരിൽ നിന്നാണ് രോഗം പടരുന്നത് എന്നാണ് മനസിലാവുന്നത്. ഇക്കാര്യത്തിൽ നിരീക്ഷണത്തിൽ പാർപ്പിക്കാൻ സൗകര്യം ഒരുക്കുന്നത് അടക്കമുള്ള നടപടികൾ ഉടനെയുണ്ടാവും. 

ആൾക്കൂട്ടം ഉണ്ടാവരുതെന്ന കർശന നിർദേശം ലംഘിച്ചും ഇന്നലെ വിഴിഞ്ഞത്ത് മീൻ ലേലം നടന്നു. ചില കമ്പോളങ്ങളിൽ കടുത്ത തിരക്ക് അനുഭവപ്പെട്ടു. മലപ്പുറത്ത് ചില അന്യസംസ്ഥാന തൊഴിലാളികൾ ഇന്ന് പ്രതിഷേധവുമായി രംഗത്ത് വന്നു. ഇത്തരം സംഭവങ്ങൾ നാം എന്താണോ തടയാൻ ആഗ്രഹിക്കുന്നത് അതിനെ വിളിച്ചു വരുത്തലാണ്. നേരിയ അശ്രദ്ധ പോലും ആരേയും കൊവിഡ് രോഗിയാക്കാം അതിനാലാണ് പരുഷമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടി വരുന്നത്. പൊലീസ് നിയന്ത്രിക്കുന്നതിൽ വിഷമം തോന്നേണ്ട കാര്യമില്ല. എന്നാൽ ബലപ്രയോഗം ഉണ്ടാവരുത് എന്ന് കർശനമായി നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിലൂടെയാണ് നാം ഇപ്പോൾ കടന്നു പോകുന്നത് എന്ന് എല്ലാവരും മനസിലാക്കാണം. എന്തെങ്കിലും അമിതമായ നിയന്ത്രണം നടപ്പാക്കാനല്ല പൊലീസ് ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ എല്ലാവരും പൊലീസുമായി സഹകരിക്കണം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ പൂർണമായി പാലിക്കാൻ എല്ലാവരും സജ്ജരാകണം.

അതിഥി തൊഴിലാളികൾക്ക് സാധ്യമായ എല്ലാ സഹായവും നാം ഒരുക്കിയിട്ടുണ്ട്. അവരെ നാട്ടിലേക്ക് തിരിച്ചു വിടാനും നാം തല്‍പ്പരരാണ്. എന്നാൽ അവരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാൻ ശ്രമമുണ്ടായാൽ അതു അനുവദിക്കാൻ പറ്റില്ല. അത്തരം ചില നീക്കങ്ങൾ ഉണ്ടാവുന്നതിനാലാണ് ഇങ്ങനെ പറയുന്നത്. റോഡുകൾ അടഞ്ഞു കിടന്നപ്പോൾ കോട്ടയത്ത് നിന്നും ആലപ്പുഴയിലേക്കും മറ്റും കായൽ മാർഗ്ഗം ആളുകളെ എത്തിക്കുന്നതായി വിവരമുണ്ട്. മോട്ടോർ വച്ച ബോട്ടുകൾ ഇങ്ങനെ യാത്ര ചെയ്യുന്നുവെന്നാണ് വിവരം. ഇത്തരം അനധികൃത യാത്ര അനുവദിക്കാനാവില്ല. ഇത് ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ട കാര്യമാണ്. 

ഉച്ചഭക്ഷണത്തിനുള്ള അരി വിദ്യാലയങ്ങളിൽ കെട്ടികിടന്നത് കമ്മ്യൂണിറ്റി കിച്ചനിലേക്കും മറ്റും മിക്കവാറും സ്കൂളുകള്‍ നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ചില സ്കൂളുകളിൽ പക്ഷേ ഇതു നടന്നില്ല. അത്തരം സ്ഥലങ്ങളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സ്കൂളുകളും പരസ്പരം ആലോചിച്ച് അവ കൈമാറാൻ വേണ്ട നടപടിയെടുക്കാം. സംസ്ഥാനത്ത് ഇന്നലെ വരെ 2088 ട്രക്കുകൾ ചരക്കുമായി എത്തി. അവശ്യസാധനങ്ങളുടെ വരവ് തൃപ്തികരമാണ്. 

പ്രവാസികൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയതി മെയ് അഞ്ച് വരെ നീട്ടി. 2020 ജനുവരി ഒന്നിനോ അതിനു ശേഷമോ വിദേശത്ത് നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗണ്‍ കാരണം മടങ്ങി പോകാൻ സാധിക്കാത്തവർക്കും ഇക്കാലയളവിൽ വിസാ കാലാവധി കഴിഞ്ഞവർക്കുമാണ് ധനസഹായം

വിദേശമലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ നോർക്ക ഏർപ്പെടുത്തിയ ഓണ്‍ലൈന്‍ സൗകര്യം 201 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികൾ ഉപയോഗപ്പെടുത്തി. 3,53,468 പേർ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ പേർ രജിസ്റ്റ‍‍ർ ചെയ്തത് യുഎഇയിൽ നിന്നാണ്. 153660 പേർ. മടങ്ങിവരാൻ രജിസ്റ്റ‍ർ ചെയ്തവരിലേറേയും ​ഗൾഫ് നാടുകളിൽ നിന്നാണ്. സൗദി - 47268, യുകെ - 2112 അമേരിക്ക -1895, ഉക്രൈൻ - 1764 ഇങ്ങനെ എല്ലാ രാജ്യത്തിൽ നിന്നും പ്രവാസികൾ മടങ്ങി വരാൻ രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. 

ഇവരെ മുൻ​ഗണനാ അടിസ്ഥാനത്തിൽ തരംതിരിച്ച് കേന്ദ്രസ‍ർക്കാരിനും അതതു രാജ്യങ്ങളിലെ എംബസികൾക്കും കൈമാറും. ഇക്കാര്യത്തിൽ കൃത്യമായ പ്ലാൻ ഈ വിവരം വച്ചു തയ്യാറാക്കാൻ കേന്ദ്രത്തിന് സാധിക്കും. ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ തിരികെ കൊണ്ടു വരാൻ ഓണ‍ലൈനായി രജിസ്റ്റ‍ർ ചെയ്തത് 94,483 പേരാണ്. ക‍‍ർണാടക  - 30576, തമിഴ്നാട് -29181, മഹാരാഷ്ട്ര - 13113 എന്നിങ്ങനെയാണ് രജിസ്ട്രേഷൻ വന്നിരിക്കുന്നത്. ഇവിടെ നിന്നും താത്കാലിക ആവശ്യങ്ങൾക്കായി പുറത്തേക്ക് പോയവ‍ർ, ​ഗ‍ർഭിണികൾ, വിദ്യാ‍ര്‍ത്ഥികള്‍, പ്രായമായവ‍ർ എന്നിവ‍ർക്കാണ് ഇവിടെ മുൻ​ഗണന നൽകുക. 

Follow Us:
Download App:
  • android
  • ios