തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി മുന്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്‌തതിനോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'സ്വർണക്കടത്തിൽ അന്വേഷണം അതിൻറെ വഴിക്ക് നീങ്ങട്ടെ എന്നാണ് ആദ്യമേ ഞാൻ പറഞ്ഞത്. അന്വേഷണത്തിൻറെ തുടക്കത്തിൽ വേറൊരു ചിത്രം ജനിപ്പിക്കാൻ ശ്രമിച്ചപ്പോളാണ് അന്വേഷണം മുന്നോട്ട് നിങ്ങട്ടെ എന്ന് ഞാൻ പറഞ്ഞത്. ഞാനിപ്പോഴും അതിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. പക്ഷേ ബിജെപി ജനം ടിവിയെ പോലൊരു ചാനലിനെ തള്ളിപ്പറഞ്ഞത് കടന്നകയ്യായി പോയി. അങ്ങനെ പറഞ്ഞവർ ജനത്തിന് മുന്നിൽ അപഹാസ്യരാവുകയാണ്' എന്നും മുഖ്യമന്ത്രി പറഞ്ഞു.  

വി മുരളീധരനെ ഉദേശിച്ചിട്ടില്ല: പിണറായി

'ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നത് എന്ന് മനസിലാകുമെന്ന് മുമ്പ് പറഞ്ഞത് കേന്ദ്രസഹമന്ത്രി വി മുരളീധരനെ ഉദേശിച്ചല്ല. ഏത് വ്യക്തിയെയാണ് ഉദേശിച്ചത് എന്നത് പ്രസക്തമല്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് ചില സമയത്ത് എന്താണ് പറയേണ്ടത് എന്നറിയില്ല. അതിൻറെ ഭാഗമായാണ് ഇതിൽ അദ്ദേഹം സർക്കാരിനെതിരെ ഗൂഢാലോചന ആരോപിക്കുന്നത്. സ്വര്‍ണകടത്ത് കേസില്‍ അന്വേഷണം യഥാര്‍ഥ കുറ്റവാളികളിലേക്കെത്തും എന്നുറപ്പാണ്. അവര്‍ ആരുമായി ബന്ധമുള്ളവരാണ് എന്നത് വ്യക്തമാകട്ടെ' എന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.