മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശരീരത്തിന്റെ ഒരു ഭാഗം പോലെയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഏഷ്യാനെറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ജി സുധാകരൻ വിഷയത്തിലും കണ്ണൂരിലെ പാർട്ടി വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു.  

കണ്ണൂർ: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശരീരത്തിന്റെ ഒരു ഭാ​ഗം പോലെയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി ബാലകൃഷ്ണനെ മിസ് ചെയ്യുന്നുണ്ട്. ആളുകളുമായി ബന്ധപ്പെടാൻ ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. വിയോഗം വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ശരീരത്തിന്റെ ഒരു ഭാഗം പോലെയുള്ള സഖാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നും മുഖ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

YouTube video player

ജി സുധാകരൻ വിഷയത്തിലും കണ്ണൂരിലെ പാര്‍ട്ടിയിലെ വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. മൂന്ന് തവണ താൻ വിളിച്ചിട്ടും സുധാകരൻ ഫോൺ എടുത്തില്ലെന്നും ജില്ലാ സെക്രട്ടറി വഴി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും സുധാകരൻ സംസാരിക്കാൻ തയ്യാറായില്ലെന്നും അവഗണിച്ചുവെന്നത് അദ്ദേഹത്തിന്‍റെ തോന്നലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയിലേതും കണ്ണൂരിലേതും വീറുറ്റ പാർട്ടിയാണ്. ഒരു വ്യതിയാനത്തിനുമൊപ്പം അത് പോകില്ല. ഒരു പോറലും പാർട്ടിക്ക് അവിടെ ഉണ്ടാകില്ല. വി കുഞ്ഞികൃഷ്ണനും ടി.കെ.ഗോവിന്ദനും പാർട്ടിയെ തകർക്കാൻ എതിരാളികളുടെ കയ്യിലെ കോടാലിയായി മാറിയെന്നും പിണറായി വിജയൻ പറഞ്ഞു.

മുഹമ്മദ് റിയാസിന് മരുമകൻ എന്ന നിലയിൽ പ്രത്യേക സ്ഥാനങ്ങൾ നൽകിയിട്ടില്ല. പ്രവർത്തനത്തിന് അനുസരിച്ചുള്ള ഉത്തരവാദിത്തങ്ങളാണ് നൽകിയിട്ടുള്ളത്. മകൾക്കെതിരായ ആരോപണങ്ങൾ തന്നെ ലക്ഷ്യം വച്ചുള്ളതാണെന്നും വിശദീകരണം നൽകാൻ തക്ക വിധത്തിൽ ആ ആരോപണങ്ങളിൽ ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.വി.ഗോവിന്ദന്‍റെ ഭാര്യ ആയതുകൊണ്ടല്ല പി.കെ.ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത്. അവരുടെ യോഗ്യത കൊണ്ടാണ്. ഒരാളുടെ ഭാര്യ ആയതുകൊണ്ട് അവരുടെ അവകാശം നിഷേധിക്കാൻ പാടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.