Asianet News MalayalamAsianet News Malayalam

ബിരിയാണി ചെമ്പില്‍ സ്വര്‍ണം: 'രഹസ്യമൊഴി കേട്ടപ്പോഴാണ് താനും അറിഞ്ഞത്', ജീവിതം തുറന്ന പുസ്തകമെന്ന് മുഖ്യമന്ത്രി

സ്വർണം ബിരിയാണി ചെമ്പില്‍ കൊണ്ടുവന്നുവെന്ന മൊഴി കേട്ടപ്പോഴാണ് താനും അറിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

pinarayi vijayan respond to Swapna Suresh secret statement
Author
Trivandrum, First Published Jun 27, 2022, 1:20 PM IST

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‍ന സുരേഷ് നല്‍കിയ രഹസ്യമൊഴിക്കെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വർണം ബിരിയാണി ചെമ്പില്‍ കൊണ്ടുവന്നുവെന്ന മൊഴി കേട്ടപ്പോഴാണ് താനും അറിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയം കത്തിച്ചാൽ വിജയനെയോ സർക്കാരിനെയോ തകർക്കാമെന്നാണ് ചിലരുടെ മോഹം. അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്നതല്ല തന്‍റെ പൊതുജീവിതം. അതിലെനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. ജനങ്ങൾക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു. 

'ഇവർ ഗാന്ധി ശിഷ്യർ തന്നെയാണോ'? കോൺഗ്രസിനെതിരെ മുഖ്യമന്ത്രി 

രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിലെ ഗാന്ധി ചിത്രം തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ കുത്സിത ശ്രമത്തിന്റ ഭാഗമാണ് ഗാന്ധി ചിത്രം താഴെയിട്ടതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എം പി ഓഫീസിൽ നിന്നും എസ് എഫ് ഐ പ്രവർത്തകർ പോയ ശേഷം ഒരു ചാനൽ പകർത്തിയ ദൃശ്യത്തിൽ ഗാന്ധി ചിത്രം ചുമരിലുണ്ട്. അത് വാർത്തയായി വന്നിട്ടുമുണ്ട്. എസ്എഫ് ഐക്കാർ പോയതിന് ശേഷമുളള ദൃശ്യങ്ങളാണത്. അതിൽ ഗാന്ധി ചിത്രം ചുമരിലാണുള്ളത്.

മാധ്യമ പ്രവർത്തകരിറങ്ങിയ ശേഷവും എസ്എഫ്ഐക്കാർ പോയ ശേഷവും കോൺഗ്രസുകാരാണ് അവിടെയുണ്ടായിരുന്നത്. ആരുടെ കുബുദ്ധിയിൽ നിന്നാണ് ഈ ആശയമുണ്ടായത്. ചുമരിലെ ചിത്രം ആരാണ് താഴെയെത്തിച്ചത്. ആരാണ് അങ്ങനെയൊരു കുബുദ്ധി കാണിച്ചത്. എസ് എഫ് ഐക്കാർ പോയ ശേഷമാണ് ഗാന്ധി ചിത്രം തകർത്തതെന്ന് വ്യക്തമാണ്. ഇവർ (കോൺഗ്രസുകാർ) ഗാന്ധി ശിഷ്യർ തന്നെയാണോയെന്ന് ചോദിച്ച മുഖ്യമന്ത്രി, ഗോഡ്സേ പ്രായോഗികമായി ചെയ്തത് ഇവർ പ്രതീകാത്മകമായി ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി. 

'പ്രതിപക്ഷത്തിന് അസഹിഷ്ണുത', സഭയിലുണ്ടായത് ഇതുവരെ നടക്കാത്ത കാര്യങ്ങള്‍: മുഖ്യമന്ത്രി

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചട്ടവിരുദ്ധമായി ബാനറും പ്ലക്കാര്‍ഡും പ്രതിപക്ഷം ഉയര്‍ത്തി. പ്രതിപക്ഷം നല്‍കിയ നോട്ടീസ് അവര്‍ തന്നെ തടസ്സപ്പെടുത്തി. അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. സര്‍ക്കാരിന്‍റെ മറുപടി തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷനേതാവ് സഭയില്‍ സംസാരിക്കാന്‍ തയ്യാറായില്ല. ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് എന്തിനെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞില്ല. നേരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന് ഈ നിലപാടെന്ന് മനസിലാകുന്നില്ല. ജനാധിപത്യപരമായ അവകാശം പ്രതിപക്ഷം വിനിയോഗിച്ചില്ല. പ്രതിപക്ഷത്തിന്‍റെ അസഹിഷ്ണുതയാണ് സഭയില്‍ കണ്ടത്. കുറെ കാലമായി യുഡിഎഫ് സ്വീകരിക്കുന്ന ഹീനതന്ത്രത്തിന്‍റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

Follow Us:
Download App:
  • android
  • ios