തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തുണ്ടായ ആരോപണങ്ങള്‍ എണ്ണി പറഞ്ഞാല്‍ അതിന് എണ്ണി എണ്ണി മറുപടി പറയുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വെല്ലുവിളിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'എന്‍റെ ചിലവില്‍ അങ്ങനെ അദ്ദേഹത്തിന്‍റെ ഉദ്ദേശം നടപ്പാക്കേണ്ടെന്ന്' പിണറായി മറുപടി നല്‍കി.

പ്രതിപക്ഷ നേതാവിന്‍റെ വെല്ലുവിളിയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പിണറായി ഉമ്മന്‍ ചാണ്ടിക്കെതിരായ കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിക്കാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് പറയാതെ പറഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി യുഡിഎഫ് സര്‍ക്കാരിന് നേരെയുള്ള ആരോപണങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ചിലരുടെ ശ്രമം. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങള്‍ താന്‍ എണ്ണി എണ്ണി പറയണോ എന്നും പിണറായി വിജയന്‍ ചോദിച്ചിരുന്നു.