തിരുവനന്തപുരം: കൊവിഡ് 19 രോഗമുക്തി നിരക്കില്‍ സംസ്ഥാനം പിറകിലാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന്  മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.  കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളാൻ പ്രതിപക്ഷ നേതാവാനാകുന്നില്ലെന്നും വിമര്‍ശിക്കാന്‍ വരുന്നവര്‍ രോഗത്തിന്റെ സങ്കീർണതകൾ കൂടി മനസിലാക്കാൻ ശ്രമിക്കണമെന്നും  പിണറായി പറഞ്ഞു. ചെന്നിത്തലയുടെ പേരെടുത്ത് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എവിടെയൊക്കെ പിറകിലാണെന്ന് കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ഗവേഷണം തുടര്‍ന്നും നടക്കട്ടെ. എന്നാല്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നാടിന് നല്ലതല്ല. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വ്യഗ്രതയില്‍ പ്രതിപക്ഷ നേതാവിന് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളാനാവുന്നുണ്ടാവില്ല. കേരളത്തിന്‍റെ ഡിസ്ചാര്‍ജ് പോളിസി ദേശീയ പോളിസിയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമാണ്.

കേരളത്തിലെ മിക്ക പ്രദേശങ്ങളിലും രോഗവ്യാപന നിരക്കില്‍ കുറവുണ്ട്. കൊവിഡ്  മൂന്നാം ഘട്ടത്തിൽ പടി പടിയായി രോഗികളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും രോഗവ്യാപന നിരക്കില്‍  താരതമ്യേന കുറവുണ്ട്.  സംസ്ഥാനത്തിന്റെ ഡിസ്ചാർജ് പോളിസി ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടതാണ്. കണക്കുകളിൽ ഒന്നാം സ്ഥാനത്ത് എത്തുകയല്ല, ശാസ്ത്രീയമായി ഈ രോഗാവസ്ഥയെ മറികടക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയെന്നും രോഗവ്യാപന നിരക്കില്‍ കുറവില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.  . ഓട്ടം തുടങ്ങിയപ്പോഴേ ജയിച്ചുവെന്ന് സർക്കാർ പ്രചരിപ്പിച്ചു. മാരത്തോൺ ഓട്ടമെന്ന് ഇപ്പോഴെങ്കിലും സർക്കാരിന് ബോധ്യമായല്ലോ. കാര്യങ്ങൾ കൈവിട്ടു പോയി എന്ന് തോന്നിയപ്പോൾ പ്രതിപക്ഷത്തെ എന്തും വിളിച്ച് പറയുന്നു. ചെയ്യാത്ത കാര്യങ്ങൾ പി ആർ ഏജൻസികൾ എഴുതി കൊടുക്കുന്നത് മുഖ്യമന്ത്രി വായിക്കുന്നു. മുഖ്യമന്ത്രിയുടെ പറച്ചിൽ കേട്ടാൽ പ്രതിപക്ഷം ഭരണപരമായ കാര്യങ്ങൾ ചെയ്യാത്തത് കൊണ്ടാണ് രോഗവ്യാപനം ഉണ്ടായത് എന്ന് തോന്നുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.