തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നടപടി സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് വരുമ്പോൾ കോടതി കാര്യങ്ങൾ അന്വേഷിക്കുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. കോടതിയുടെ മുന്നിലൊരു കേസ് വന്നു. ഹൈക്കോടതി അതുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലേക്ക് പോകും. അതിന്റെ ഭാഗമായി കോടതി ചോദിച്ച ചോദ്യങ്ങളാണ് ഇത് വിവര ശേഖരണത്തിന്‍റെ  ഭാഗമാണ്. വസ്തുത മനസിലാക്കാനാണ്. അത് സാധാരണ നിലയിൽ ഏത് കോടതിയും ചെയ്യുന്നതാണ്. ആ പരിശോധന നടത്തട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോടതിയുടേത് വിവരശേഖരണത്തിന്റെ ഭാഗമാണ്. അതിൽ അപാകതയില്ല. ഗൗരവമായ ചില പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ട്. ഇപ്പോൾ സ്വീകരിച്ച നടപടി ഇപ്പോൾ സ്വീകരിക്കേണ്ടത് തന്നെയായിരിന്നോ എന്ന് പരിശോധിക്കാനാണ് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്.

മകളുടെ കമ്പനിയെ കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞ് കഴിഞ്ഞതാണ്. ഇക്കാര്യത്തിൽ ഒരു ആശങ്കയും ഇല്ല. അത് തന്നെയാണ് ജീവിതത്തിൽ ഇതേവരെ സ്വീകരിച്ചത് അത് തന്നെയാണ് ഇനിയും തുടരുക. മറിച്ച് ഉള്ള ആക്ഷേപങ്ങൾ ഉന്നയിക്കുന്നവര്‍ തെളിവ് കൂടി കൊണ്ടു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു,