സിനിമാതാരവും അഭിഭാഷകനുമായ സി ഷുക്കൂർ താൻ എന്തുകൊണ്ട് ഒരു പിണറായി ഫാൻ ആകുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. സ്ത്രീകൾ പരാതിക്കാരാകുന്ന കേസുകളിൽ യുഡിഎഫ് സ്വീകരിക്കുന്ന നിലപാടുകളെ അദ്ദേഹം വിമർശിച്ചു. 

കാസര്‍കോട്: സ്ത്രീകൾ പരാതിക്കാരായി വരുന്ന കേസുകളിലെ യു‍ഡിഎഫ് നിലപാടിലെ വിമർശിച്ച് സിനിമ താരവും അഭിഭാഷകനുമായ സി ഷുക്കൂർ. നിങ്ങൾ എന്തു കൊണ്ടാണ് ഒരു പിണറായി ഫാൻ ആകുന്നത്? എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് വലതുപക്ഷ നിലപാടുകളെ ഷുക്കൂര്‍ വക്കീൽ തള്ളിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ കൂടാതെ പി ടി കുഞ്ഞുമുഹമ്മദിന് എതിരെയുള്ള പരാതിയും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനം ഭരിക്കുന്നത് അടൂർ പ്രകാശ് ആണെങ്കിൽ, അയാൾക്ക് സ്വാധീനമുള്ള മുന്നണി ആണെങ്കിൽ ഇത്തരം ഒരു പരാതിയിൽ എന്തു നിലപാടുകൾ ആയിരിക്കും സ്വീകരിക്കുക? ഈ വിഷയങ്ങളിലെ നിലപാടുകളാണ് പിണറായിസമെന്നും താനൊരു പിണറായി ഫാൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി ഷുക്കൂറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

നിങ്ങൾ എന്തു കൊണ്ടാണ് ഒരു പിണറായി ഫാൻ ആകുന്നത്?

ഉത്തരം വളരെ സിംപിൾ ആണ്, ആ മനുഷ്യൻ ഈ നാട്ടിലെ അരുകു വൽക്കരിക്കപ്പെട്ടവരുടെ ശബ്‌ദം ആകുന്ന ആളാണ്.

ഇന്നു രാവിലെ മുതൽ മീഡിയയിൽ വരുന്ന വലിയ വാർത്ത UDF കൺവീനറുടെ ദിലീപ് ഫാൻ സപ്പോർട്ടാണ്, മൂപ്പരുടെ ഭാഷ ദിലീപ് പറയുന്നതിൻ്റെ ആവർത്തനമാണ്. അയാൾ പറഞ്ഞതു പോലെ , കേരള പോലീസിലെ ഉന്നതയുടെയും അയാളുടെ മുൻഭാര്യയുടെയും ഗൂഢാലോചനയാണോ അയാളെ പ്രതിചേർക്കുവാൻ കാരണം? ഒരിക്കലുമല്ല. അയാൾക്ക് നീതി കിട്ടിയെന്നും സർക്കാർ അപ്പീൽ പോകരുതെന്നുമാണ് കേരളത്തിലെ പ്രതിപക്ഷ മുന്നണി കൺവീനറുടെ ആവശ്യം.. ഇയാൾ പാലക്കാട്ടെ എം എൽ എയുടെ വിഷയം വന്നപ്പോഴും ഇതേ സമീപനമായിരുന്നു കൈ കൊണ്ടിരുന്നത്. ഇതു യുഡിഎഫ് നിലപാടാണ് , സ്ത്രീകൾ പരാതിക്കാരായി വരുന്ന കേസുകളിലെ വലതു പക്ഷ നിലപാട്.

ഇന്നലെ വൈകുന്നേരം എല്ലാ മാധ്യമങ്ങളും ബ്രേക്ക് ചെയ്ത വാർത്തയാണ് പ്രമുഖ മലയാള സംവിധായകൻ പിടി കുഞ്ഞു മുഹമ്മദിനെതിരെ തിരുവനന്തപുരത്ത് , മറ്റൊരു വനിത സിനിമാ പ്രവർത്തക നൽകിയ പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത കാര്യം. അന്തർദേശീയ ചലച്ചിത്ര മേളയിലേക്ക് സിനിമ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ പിടിയോടൊപ്പം പ്രവർത്തിച്ചിരുന്ന സിനിമ പ്രവർത്തകയാണ് പരാതിക്കാരി. അവർ പരാതി പോലീസ് സ്റ്റേഷനിൽ അല്ല നൽകിയത്, മറിച്ചു മുഖ്യ മന്ത്രിക്കായിരുന്നു. അതും ഒരു ഇടതു പക്ഷത്തെ മുൻ എം എൽ എക്ക് എതിരെ. പിടി ഇടതു പക്ഷ മുഖമാണ്, സാംസ്‌കാരിക സിനിമ ടെലിവിഷൻ ഐക്കൺ. ആഴത്തിൽ ഇടതു സ്വാധീനമുള്ള ഒരാൾ, അയാൾക്കെതിരെയാണ് പരാതി എന്നു ഉൾകൊണ്ടാണ് അതിജീവിത മുഖ്യ മന്ത്രിയെ കണ്ടു പരാതി നൽകിയത്. പിണറായി സഖാവ്, സ്ത്രീയുടെ വാക്കുകൾ വിശ്വസിച്ചു ,ആ പരാതി പോലീസിലേക്ക് കൈറുന്നു. നിയമം യാതൊരു ദാക്ഷിണ്യവും കാണിക്കാതെ പിടിക്കെതിരെ കേസ് എടുക്കുന്നു. ഇന്നു പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുമെന്നും വാർത്ത വരുന്നു..

സംസ്ഥാനം ഭരിക്കുന്നതു അടൂർ പ്രകാശ് ആണെങ്കിൽ , അയാൾക്ക് സ്വാധീനമുള്ള മുന്നണി ആണെങ്കിൽ , ഇത്തരം ഒരു പരാതിയിൽ എന്തു നിലപാടുകൾ ആയിരിക്കും സ്വീകരിക്കുക?

അതെ, ഈ നിലപാടാണ് പിണറായിസം,

ഞാനൊരു പിണറായി ഫാൻ തന്നെയാണ്..

ഷുക്കൂർ വക്കീൽ.