Asianet News MalayalamAsianet News Malayalam

'സിൽവർ ലൈൻ ഉപേക്ഷിക്കില്ല, അനുമതി ഇന്നല്ലെങ്കിൽ നാളെ കിട്ടും'; മുഖ്യമന്ത്രി നിയമസഭയില്‍

നാടിന്‍റെ  വികസനത്തിന് എതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് സർക്കാർ വഴങ്ങില്ല.സിൽവർലൈൻ പ്രക്ഷോഭം വിജയിച്ചാൽ അത് നാടിന്‍റെ  പരാജയമാണെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. കേസുകള്‍ പിന്‍വലിക്കില്ല

pinarayi vijayan says goverment have not abandoned Silverline project
Author
First Published Dec 8, 2022, 11:01 AM IST

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. റോജി എം ജോണിന്‍റെ  അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 'കേരളത്തിന്‍റെ  പശ്ചാത്തലസൗകര്യ വികസനത്തില്‍ വന്‍കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇത്  സമ്പദ്ഘടനയ്ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും നല്‍കുന്ന സംഭാവന ഒട്ടുംതന്നെ ചെറുതല്ല. പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണ്. പദ്ധതിയുടെ ഡി.പി.ആര്‍ അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും റെയില്‍വേ മന്ത്രാലയം ആരാഞ്ഞ വിവരങ്ങള്‍ക്ക് സ്പഷ്ടീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡി.പി.ആര്‍ റെയില്‍വേമന്ത്രാലയത്തിന്റെ പരിഗണനയിലാണ്- പിണറായി വ്ക്തമാക്കി.

പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം ലഭിച്ചതാണ്.  റെയില്‍വേ, ധനമന്ത്രാലയങ്ങളുടെ അറിയിപ്പുകളും സര്‍ക്കുലറുകളും പ്രകാരം നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ജിയോ ടെക്‌നിക്കല്‍ പഠനം, ഹൈഡ്രോളിജിക്കല്‍ പഠനം, സമഗ്ര പരിസ്ഥിതി ആഘാത പഠനം, തുടങ്ങിയവ നടന്നുവരികയാണ്.മേല്‍പ്പറഞ്ഞ നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് ഭൂഅതിര്‍ത്തി നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനമല്ല. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കാലവിളംബം കൂടാതെ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനാല്‍തന്നെ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ പല ആവര്‍ത്തി വ്യക്തമാക്കിയതാണ്- മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി അതിര്‍ത്തി തിരിച്ചിട്ടുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് നിയമപരമായി ഒരു തടസ്സവുമില്ല. ഭൂമി ഏറ്റെടുക്കലിന് ആധാരമായ 2013 ലെ LARR നിയമത്തിന്റെ വകുപ്പ് 11 (1) പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ മാത്രമേ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരികയുള്ളൂ. ഈ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ നിലവില്‍ ക്രയവിക്രയം സാധ്യമാണ്. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനും തടസ്സമുണ്ടാകേണ്ടതില്ല. ഭയാശങ്കകളുടെ അന്തരീക്ഷം സൃഷ്ടിച്ച് പദ്ധതിയെതന്നെ ആരംഭത്തിനു മുമ്പേ തുരങ്കം വയ്ക്കാനാണ് ചില വാര്‍ത്താനിര്‍മ്മിതികളിലൂടെ നടന്നുവരുന്നത്.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി ലഭ്യമായിട്ടില്ലാത്തതിനാല്‍ മറ്റ് പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാൻ റവന്യൂ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തത്ക്കാലം പുനര്‍വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് പദ്ധതി നിര്‍ത്തിവച്ചിട്ടുണ്ട് എന്ന പ്രചരണത്തിനായി ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്.

പദ്ധതിപ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും, സാമൂഹികാഘാത പഠനങ്ങളുമായി ബന്ധപ്പെട്ട് ഏര്‍പ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്തതു സംബന്ധിച്ചാണ് കേസുകള്‍ എടുത്തത്'. ഇത് പിന്‍വലിക്കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'കെ റെയില്‍ മഞ്ഞക്കുറ്റി ഒരു മാർക്കിംഗ് മാത്രം, ഉദ്ദേശിച്ചത് അടയാളപ്പെടുത്തല്‍, ഏറ്റെടുക്കലല്ല'; റവന്യു മന്ത്രി

Follow Us:
Download App:
  • android
  • ios