മദ്യാസക്തി കൂടുതലുള്ളവരെ വിമുക്തി കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകരും ബന്ധക്കളും ശ്രമിക്കണം. അതു ചിലപ്പോള്‍ അവരുടെ മദ്യാസക്തി പൂര്‍ണമായി മാറുന്നതിന് കാരണമായേക്കാമെന്നും പിണറായി വിജയന്‍. 

തിരുവവന്തപുരം: കൊവിഡ് 19 വൈറസ് ബാധ പടരുന്നത് തടയുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മദ്യഷാപ്പുകള്‍ പൂട്ടിയതിനാല്‍ വ്യാജ മദ്യ ഉത്പാദനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 സംബന്ധിച്ച് പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ മദ്യഷാപ്പുകള്‍ അടഞ്ഞു കിടക്കുന്നത് കൊണ്ട് പല പ്രദേശങ്ങളിലും വ്യാജ മദ്യനിര്‍മാണം നടത്തുന്നതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വ്യാജ മദ്യ ഉത്പാദനം കര്‍ശനമായി തടയുമെന്നും ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മദ്യാസക്തി കൂടുതലുള്ളവരെ വിമുക്തി കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകരും ബന്ധക്കളും ശ്രമിക്കണം.

അതു ചിലപ്പോള്‍ അവരുടെ മദ്യാസക്തി പൂര്‍ണമായി മാറുന്നതിന് കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മദ്യാസക്തിയുണ്ടെന്ന ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ പാസ് ലഭിക്കുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നല്‍കാന്‍ ബെവ്‌കോ തീരുമാനം വന്നിരുന്നു. ഇതിന് വേണ്ടികുറഞ്ഞ നിരക്കില്‍ റമ്മോ ബ്രാണ്ടിയോ വെയര്‍ഹൗസില്‍ നിന്ന് നല്‍കണം. മദ്യവിതരണത്തിനുള്ള വാഹനം വെയര്‍ഹൗസ് മാനേജര്‍ ഒരുക്കണം. 100 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും.

നിയന്ത്രിതമായ അളവിലാകും മദ്യം നല്‍കുക.ഇക്കാര്യങ്ങളില്‍ ജീവനക്കാര്‍ തയ്യാറാണെങ്കില്‍ അറിയിക്കണമെന്നും ബെവ്‌കോ എംഡി അറിയിച്ചു. അതേ സമയം മദ്യത്തിന് കുറിപ്പടിനല്‍കണമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഐഎംഎ ഹൈക്കോടതിയെ സമീപിച്ചു. മദ്യാസക്തിയില്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ്മദ്യം ലഭിക്കാന്‍ ഡോക്ടറുടെ കുറിപ്പടി നല്‍കിയാല്‍ മതിയെന്ന ഉത്തരവുമായി സര്‍ക്കാരെത്തിയത്. ഇതിനെതിരെ നേരത്തെ തന്നെ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയിരുന്നു.