വിഇഎച്ച് ഗ്ലോബൽ കമ്പനിയിൽ നിന്ന് ടെണ്ടറില്ലാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ യുഡിഎഫ് സർക്കാർ വൈദ്യുതി വാങ്ങിയതിൽ അഴിമതിയെന്ന് പിണറായി വിജയൻ. കാറ്റിൽ നിന്നുള്ള വൈദ്യുതിക്ക് കുറഞ്ഞ വിലയുള്ളപ്പോൾ ഉയർന്ന നിരക്കിൽ യോഗ്യതയില്ലാത്ത കമ്പനിയുമായി കരാറുണ്ടാക്കിയത് സംസ്ഥാന ഖജനാവിന് വലിയ നഷ്ടമുണ്ടാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബൽ എന്ന കമ്പനിയിൽ നിന്ന് ടെണ്ടറോ റഗുലേറ്ററി കമ്മീഷന്‍റെ അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ യുഡിഎഫ് സർക്കാർ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതിൽ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ ഇടപാടിന്‍റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ​വൈദ്യുതിനിയമത്തിലെ സെക്ഷൻ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച രീതിയിലോ, മത്സരാധിഷ്ഠിത ടെൻഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങൽവില നിർണയിക്കാവൂ എന്ന് പിണറായി ചൂണ്ടിക്കാട്ടി.

എന്നാൽ, കഴിഞ്ഞ മാസം വിഇഎച്ച് ഗ്ലോബലിൽ നിന്നും യൂണിറ്റിന് 11 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് വെറും ഓഫറുകളുടെ അടിസ്ഥാനത്തിലാണ്. ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമ്മീഷൻ ഇതുവരെ അംഗീകാരം നൽകിയിട്ടുമില്ല. കാറ്റിൽനിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് മൂന്ന് മുതൽ നാല് രൂപ വരെ മാത്രം വിലയുള്ളപ്പോഴാണ് 11 രൂപയ്ക്ക് സർക്കാർ ഈ കരാർ ഒപ്പിട്ടത്. സംസ്ഥാന ഖജനാവിന് വലിയ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.

സെപ്റ്റംബർ 22-നാണ് പീക്ക് സമയത്ത് വൈദ്യുതി നൽകണമെന്ന വിഇഎച്ചിന്‍റെ ഓഫർ സർക്കാർ അംഗീകരിച്ചത്. വിഇഎച്ചിന് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് ഇതേ ഉത്തരവിൽ തന്നെ പറയുന്നുണ്ട് എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. യോഗ്യതയില്ലാത്ത ഒരു കമ്പനിക്ക് കരാർ നൽകിയത് ആരുടെ താല്പര്യപ്രകാരമാണ്? ജി.എൻ.എ കരാറിലെ അഴിമതിയെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക്, 'കരാറിൽ ഒപ്പിട്ടില്ലല്ലോ' എന്ന മറുപടി നൽകി ഒളിച്ചോടിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ അങ്ങനെ പറയാനാകില്ല. ഒപ്പിട്ട ഈ അഴിമതിക്കരാറിനെക്കുറിച്ചെങ്കിലും ജനങ്ങളോട് വ്യക്തമായ ഒരു മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.