Asianet News MalayalamAsianet News Malayalam

'ലാത്വിയൻ സ്വദേശിനിയുടെ കൊലപാതകം'; കുറ്റവാളികൾക്ക് എത്രയും വേഗം ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ലാത്വിയൻ സ്വദേശിനിയുടെ  കൊലപാതകത്തിൽ പ്രതികൾ ഇപ്പോഴും സ്വതന്ത്രരായി പുറത്ത് കഴിയുന്ന സാഹചര്യം ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. 
 

pinarayi vijayan says they will ensure punishment for the accused in Latvian woman death case
Author
Trivandrum, First Published Oct 27, 2021, 1:08 PM IST

തിരുവനന്തപുരം: ലാത്വിയൻ സ്വദേശിനിയുടെ (Latvian woman) കൊലപാതകത്തിൽ കുറ്റവാളികൾക്ക് എത്രയും വേഗം ശിക്ഷ ഉറപ്പാക്കണമെന്നാണ് സർക്കാർ നിലപാടെന്ന് സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ (pinarayi vijayan) പറഞ്ഞു. സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടാൽ പരിഗണിക്കാം. സെഷൻസ് കോടതി കേസ് ഫെബ്രുവരി 18 ലേക്ക് മാറ്റിയിരിക്കയാണ് എന്നും വി ഡി സതീശന്റെ സബ് മിഷന് മുഖ്യമന്ത്രി മറുപടി നൽകി. ലാത്വിയൻ സ്വദേശിനിയുടെ  കൊലപാതകത്തിൽ പ്രതികൾ ഇപ്പോഴും സ്വതന്ത്രരായി പുറത്ത് കഴിയുന്ന സാഹചര്യം ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. 

കോവളത്ത് വിദേശവനിതയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയിട്ടില്ല. കുറ്റപത്രം യഥാസമയം നല്‍കാത്തതിനാല്‍ പ്രതികള്‍ സ്വാഭാവിക ജാമ്യത്തില്‍ സ്വതന്ത്രരായി ജീവിക്കുകയാണ്. വിചാരണ ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഹൈക്കോടതിയെ സമീപിച്ചു. ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ നീതി ലഭിച്ചില്ലെന്നും വിചാരണ തുടങ്ങി സഹോദരിക്ക് നീതി ഉറപ്പാക്കിയിട്ടേ ഇനി കേരളം വിടുകയുള്ളുവെന്നും ഇവർ പറഞ്ഞു.

2018 മാർച്ച് 14 നാണ് കേരളം കാണാനെത്തിയ വിദേശ സഞ്ചാരി ക്രൂരമായി കൊല്ലപ്പെട്ടത്. മയക്കുമരുന്ന് നല്‍കി ക്രൂരമായി പീഡിപ്പിച്ച് യുവതിയെ കോവളത്തെ കുറ്റിക്കാട്ടില്‍ തള്ളിയത് ഉമേഷ്, ഉദയൻ എന്നീ യുവാക്കളാണ്. യുവതിയെ കാണാതായി ഒരു മാസത്തോളമായപ്പോഴാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് പല കാരണങ്ങളാല്‍ കുറ്റപത്രം വൈകി. കേരളം കണ്ട ക്രൂരമായ കൊലപാതകത്തിലെ പ്രതികള്‍ മൂന്ന് വര്‍ഷമായി സ്വതന്ത്രരായി കഴിയുകയാണ്. സര്‍ക്കാരും പൊലീസും നല്‍കിയ ഉറപ്പിലാണ് കുറ്റപത്രം സമര്‍പ്പിച്ച ഉടൻ കൊല്ലപ്പെട്ട യുവതിയുടെ സഹോദരി നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ അധികൃതരുടെ അലംഭാവം മൂലം കേസില്‍ ഒന്നും സംഭവിച്ചില്ല.

Follow Us:
Download App:
  • android
  • ios